തിരുവനന്തപുരം: എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 12 വരെ പൊതുജനങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടറെ നേരിൽക്കണ്ട് പരാതികൾ ബോധിപ്പിക്കാൻ അവസരം ഒരുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം കളക്ടർ അവധിയായതിനാൽ നടപ്പായില്ല. ഇതറിയാതെ പലരും ഇന്നലെ പരാതിയുമായി കളക്ടറേറ്റിലെത്തി. കളക്ടർ അവധിയാണെന്ന് കളക്ടറുടെ ഓഫീസ് അറിയിച്ചതോടെ അവർ മടങ്ങി. പരാതി കേൾക്കാനുള്ള പരിപാടി മാറ്റിവച്ചതായി കളക്ടറുടെ ഓഫീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ല. തിരുവനന്തപുരം കളക്ടറേറ്റിലെ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു റവന്യു മന്ത്രി കെ. രാജൻ പൊതുജനങ്ങൾക്ക് പരാതി കളക്ടറോട് നേരിട്ട് ബോധിപ്പിക്കാനുള്ള അവസരം നൽകണമെന്ന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ തിങ്കളാഴ്ച കേരളകൗമുദി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിനെ തുടർന്നായിരുന്നു നടപടി. തിരുവനന്തപുരം സ്വദേശി പ്രൊഫ. ബി. വിവേകാനന്ദൻ മുഖ്യമന്ത്രിക്ക് അയച്ച കത്താണ് കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസയ്ക്ക് നൽകിയ പരാതിയിൽ എന്ത് തുടർനടപടി സ്വീകരിച്ചെന്ന് നേരിൽക്കണ്ട് അന്വേഷിക്കാൻ കളക്ടറേറ്റിൽ ചെന്നപ്പോഴുണ്ടായ അനുഭവമാണ് 83 കാരനായ അദ്ദേഹം കത്തിൽ വിശദമാക്കിയത്.