
തിരുവനന്തപുരം: പൊതു വേദികളിലും ചാനൽ ചർച്ചകളിലും സമൂഹ മാദ്ധ്യമങ്ങളിലും പാർട്ടിക്ക് വേണ്ടി ശക്തമായ പ്രതിരോധം തീർക്കുന്ന സി.പി.എമ്മിന്റെ ഉറച്ച യുവ ശബ്ദമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ഉയർത്തപ്പെട്ട എ.എ. റഹിം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവിക്കൊപ്പം,പാർട്ടി നൽകിയ ഈ സ്ഥാനം റഹിമിന്റെ സംഘടനാ മികവിനുള്ള അംഗീകാരമാണ്.
'പാർട്ടി എന്നെ ഏൽപ്പിച്ച വലിയ ഉത്തരവാദിത്വമാണിത്. അത് ഭംഗിയായി നിർവഹിക്കാൻ പരമാവധി ശ്രമിക്കും. ഒരു കമ്മ്യൂണിസ്റ്റുകാരനായി എന്നെ രൂപപ്പെടുത്തിയ ഒരുപാട് ഘടകങ്ങളുണ്ട്. അതിൽ പ്രധാനമാണ് വായനയും അനുഭവങ്ങളും. സമരങ്ങളും കാമ്പെയിനുകളുമാണ് ഒരു കമ്മ്യൂണിസ്റ്റിനെ രൂപപ്പെടുത്തുന്നത്.. പിന്നെ എന്റെ പാർട്ടി, അതിലൂടെയാണ് ഞാൻ ഇതിലേക്കെല്ലാം എത്തുന്നത്. " റഹിമിന്റെ വാക്കുകളിൽ നിറയുന്നത് പാർട്ടിയോടുള്ള കൂറും കടമയും.
എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ നേതൃത്വത്തിലൂടെ വളർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ റഹിം തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനാണ്. നിലമേൽ എൻ.എസ്.എസ് കോളേജിൽ പഠിക്കുമ്പോഴാണ് എസ്.എഫ്.ഐയിൽ ചേർന്നത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ ഭാരവാഹി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, സിൻഡിക്കേറ്റ് മെമ്പർ, ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. നിയമസഭയിലേക്ക് വർക്കലയിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ചാനൽ ചർച്ചകളിൽ പാർട്ടി നിലപാടുകൾ ഉയർത്തിപ്പിടിച്ച് എതിരാളികളെ നിഷ്പ്രഭരാക്കുന്ന വാക് സാമർത്ഥ്യമാണ് റഹിമിന്റെ പ്രത്യേകത. പി.എച്ച്ഡി റിസർച്ച് സ്കോളറും എം.എ എൽ.എൽ.ബി ബിരുദധാരിയുമാണ്. കൈരളി ചാനലിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു. കേരള സർവകലാശാലയിൽ നിയമ ഗവേഷകയായ അമൃതയാണ് ഭാര്യ. മക്കൾ: ഗുൽമോഹർ, ഗുൽനാർ.