
തിരുവനന്തപുരം: ആകാശവാണിയുടെ അനന്തപുരി എഫ്.എമ്മിന്റെ പേരും ഉള്ളടക്കവും മാറ്റിയതിൽ പ്രതിഷേധിച്ച് കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തകരുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നലെ വഴുതക്കാട് ആകാശവാണിയുടെ മുന്നിൽ 'ശ്രോതാക്കൾ ആവശ്യപ്പെടുന്നു: അനന്തപുരി എഫ്.എം" എന്ന സാംസ്‌കാരിക കൂട്ടായ്മ ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ തെറ്റായ നയത്തിന്റെ ഭാഗമായാണ് അനന്തപുരി എഫ്.എം ചാനലിന്റെ പേര് മാറ്റിയതും ഹിന്ദി പരിപാടികൾ നിറച്ചതും. ഭാഷയും സംസ്‌കാരവും വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ നാടിന്റെ മൂല്യങ്ങളെ തകർത്തെറിയാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുമാനത്തിന്റെ പേരിലല്ല അനന്തപുരി എഫ്.എമ്മിനെ ഇല്ലാതാക്കുന്നതെന്നും ഇത് സാസ്കാരിക അധിനിവേശമാണെന്നും എല്ലാവരേയും ഹിന്ദി കേൾപ്പിക്കണമെങ്കിൽ മറ്റൊരു എഫ്.എം ചാനൽ പ്രസാർ ഭാരതിക്ക് തുടങ്ങാമെന്നും വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. യോഗത്തിൽ ഷാജി എൻ. കരുൺ അദ്ധ്യക്ഷനായിരുന്നു. പന്ന്യൻ രവീന്ദ്രൻ, വി.എൻ. മുരളി, യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഗീതാ നസീർ, ഡോ. എം. രാജീവ് കുമാർ, പ്രൊഫ. എ.ജി. ഒലീന, പുരോഗമന കലാ സാഹിത്യസംഘം ജില്ലാ പ്രസിഡന്റ് കാരക്കാമണ്ഡപം വിജയകുമാർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, മലയാളം ഐക്യവേദി നേതാക്കളായ നന്ദകുമാർ, ഹരിദാസ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ്, ഡോ. എസ്. രാജശേഖരൻ, വിനോദ് വൈശാഖി, ഗിരീഷ് പുലിയൂർ, വിനു എബ്രഹാം, ഷീലാ രാഹുലൻ, ഐഷത്ത്, വിതുര ശിവനാഥ്, പി.എൻ. സരസമ്മ, എസ്. സരോജം, രാഹുൽ എസ്, കെ.ജി. സൂരജ്, ദീപു കരകുളം എന്നിവർ സംസാരിച്ചു. വേലായുധൻ ഇടശേരി, വിദു പിരപ്പൻകോട്, കൊപ്പം ഷാജി എന്നിവർ കവിതകൾ അവതരിപ്പിച്ചു. യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി സി. അശോകൻ സ്വാഗതവും യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് മഹേഷ് മാണിക്കം നന്ദിയും പറഞ്ഞു.