dronar

കോൺഗ്രസുകാർ പുന:സംഘടനയെ കയറിപ്പിടിച്ച അവസ്ഥയിലാണിപ്പോൾ നാട്ടിലെ കാര്യങ്ങളെന്ന് ആളുകൾ പറയാൻ തുടങ്ങിയിരിക്കുന്നു. സംഗതി വളരെ ഗുലുമാൽ ആയിരിക്കുകയാണ്. ഇല്ലത്ത് നിന്ന് പുറപ്പെട്ടു, പക്ഷേ അമ്മാത്തെത്തിയിട്ടില്ല എന്നാണ് ഇതിനെപ്പറ്റി ചിലയാളുകൾ പറയുന്നത്. ഇന്നു വരും നാളെ വരുമെന്ന് പറയാൻ തുടങ്ങിയിട്ട് വളരെ നാളുകളായിരിക്കുന്നു. അതിനിടയിൽ കോഴിക്ക് മുല വന്നു. ഗണപതിയുടെ കല്യാണവും കൂടി. എന്നിട്ടും മറ്റേ കാര്യം ഇല്ലത്ത് നിന്ന് പുറപ്പെട്ടിട്ടേയുള്ളൂ എന്ന അവസ്ഥയിലാണ്.

ചാണ്ടി അയയുമ്പോൾ തൊമ്മൻ മുറുകുന്നതും തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നതും ആണ് സംഗതിയെ ആകപ്പാടെ ഗുലുമാലാക്കി കളയുന്നതെന്ന് നാട്ടുകാർ അടക്കം പറയുന്നുണ്ട്. ചാണ്ടിയെയും തൊമ്മനെയും ഒരുമിച്ച് മുറുകാൻ ഏതോ അദൃശ്യശക്തി സമ്മതിക്കുന്നില്ല. ആ അദൃശ്യശക്തി ഒരു ചാത്തനാണോ എന്നറിയാനുള്ള ശ്രമങ്ങൾ ചില സേവാദളുകാരെ വിട്ട് നടത്തിയപ്പോൾ സംഗതി സത്യമല്ലെന്നാണ് കണ്ടെത്താനായത്. അദൃശ്യകരങ്ങൾ ചാത്തന്റേതായിരുന്നില്ല. ചാത്തന്റേത് പോലുള്ള ഉരുണ്ടുതടിച്ച കൈവിരലുകളാണെന്നാണ് കണ്ടെത്തിയത്.

ചെന്നിത്തല ഗാന്ധി രമേശ് ജിയുടെ കൈകളോട് അതിന് സാമ്യമുള്ളതായി ചിലർ സംശയിച്ചു. പക്ഷേ ചെന്നിത്തല ഗാന്ധി ഞാൻ ആൾ നിഷ്കളങ്കനെന്ന് പറഞ്ഞ് കൈയൊഴിയുകയാണ്. ചെന്നിത്തല ഗാന്ധിയുടെ അവസ്ഥ കുറേനാളുകളായി അങ്ങേയറ്റം പരിതാപകരമാണ്. 'കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ' എന്ന് കേട്ടിട്ടുണ്ടാവുമല്ലോ. രമേശ് ജി കുടിക്കാൻ വച്ച പാലിൽ ആരോ കാരസ്കരത്തിൻ കുരു ഇട്ടിട്ട് പോയ്ക്കളഞ്ഞു. പാലിൽ പാറ്റയിട്ടു എന്നൊക്കെ പറയുന്നത് ഇത്തരമൊരവസ്ഥയെ ആണ്. രമേശ്ജിയുടെ വേവലാതി ആര് മനസ്സിലാക്കാനാണ്! പാലിൽ കാരസ്കരത്തിൻ കുരുവിട്ടത് വടശ്ശേരി സതീശൻജിയാണ് എന്ന് രമേശ്ജി സംശയിച്ചുപോയതാണ് സർവവിധ അസ്തിത്വവ്യഥകൾക്കും കാരണം.

സതീശൻജിയെ അടിക്കാൻ കുമ്പക്കുടി സുധാകർജിയെ രമേശ്ജി ആയുധമാക്കുന്നുവെന്നൊക്കെ പലരും പറയുന്നുണ്ടാവും. അത്തരക്കാർക്കൊന്നും രമേശ്ജിയെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിഞ്ഞുകൂടെന്നേ പറയാനാവൂ.

രമേശ്ജിയുടെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നുവച്ച്, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ പുന:സംഘടനയെയാകെ അട്ടിമറിച്ചത് രമേശ്ജിയുടെ ഉരുണ്ട കരങ്ങളാണ് എന്നൊന്നും ആരും പറയരുത്. രമേശ്ജി ഇക്കാര്യത്തിൽ നിരപരാധിയാണ്. നിസ്സഹായനുമാണ്.

കേരളത്തിലെ കോൺഗ്രസുകാർ ഡി.സി.സി പുന:സംഘടന നടത്തിയെടുക്കാൻ നോക്കുന്നത് യുക്രൈനിനെ ആക്രമിച്ച റഷ്യയെ കീഴടക്കുന്നതിനെക്കാളും വെല്ലുവിളി നിറഞ്ഞതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും പറയാൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും നമ്മളെല്ലാവരും ശുഭാപ്തിവിശ്വാസികളാവേണ്ടതുണ്ട്. ഡി.സി.സി പുന:സംഘടന ഇന്നല്ലെങ്കിൽ നാളെ നടക്കുമെന്ന് അതുകൊണ്ട് തീർച്ചയായും നമ്മൾ പ്രത്യാശിക്കണം.

  

'കാലമിനിയുമുരുളും, വിഷു വരും, വർഷം വരും,​ തിരുവോണം വരും,​ പിന്നെയോരോ തളിരിനും പൂ വരും,​ കായ് വരും,​ അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം' എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലുള്ള വരികളാണ്.

കേരളത്തിലെ സി.പി.എമ്മിനെക്കുറിച്ച് നമുക്ക് പറയാനുള്ളതും ഇതുതന്നെയാണ്. കാലമുരുളും. പലതും വരും. അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാനാവും?

പിണറായി സഖാവ് വികസന നയരേഖ കൊണ്ടുവന്ന് സി.പി.എമ്മിന്റെ മുഖം മിനുക്കിയെന്നാണ് കൊച്ചിക്കായലിന്റെ കരയിൽ കാറ്റ് കൊള്ളാനായി കഴിഞ്ഞ ദിവസങ്ങളിൽ ചെന്നിരുന്നയാളുകളെല്ലാം പറയുന്നത്. നയരേഖയിൽ നിന്നുയർന്നുവന്ന സുഗന്ധപൂരിതമായ കാറ്റിൽ നിന്നാണ് അവരക്കാര്യം മനസ്സിലാക്കിയത്.

കാലമുരുണ്ട് പോയപ്പോഴാണ് വികസന നയരേഖ വന്നത്. തൊട്ടുപിന്നാലെ സഖാക്കൾ സ്വരാജ്, മുഹമ്മദ് റിയാസ്, പുത്തലത്ത് എന്നിത്യാദി പേർ പാർട്ടി സെക്രട്ടേറിയറ്റിലും എത്തിപ്പെടുകയുണ്ടായി. പണ്ടൊക്കെയാണെങ്കിൽ ഒരുമാതിരി പ്രായമൊക്കെയായി തലയൊക്കെ നരച്ച് ഊന്നുവടി എടുക്കാറാവുമ്പോഴാണ് പാർട്ടി സെക്രട്ടേറിയറ്റിലേക്ക് സഖാക്കൾക്ക് കയറാൻ സാധിച്ചിരുന്നത്. ഇന്നിപ്പോൾ ആ സ്ഥിതിയൊക്കെ മാറി. അതിനെക്കാളും വലിയകാര്യം ഇമ്മാതിരിയൊരു നയരേഖ വന്നുവെന്നുള്ളതാണ്. ഈ നയരേഖ കണ്ടാൽ സി.പി.എമ്മിനെ തിരിച്ചറിയാൻ പോലും സാധിക്കില്ലെന്നാണ് പലരും അദ്ഭുത പരതന്ത്രരാവുന്നത്.

അത്തരക്കാരോട് പറയാനുള്ളത് കാലമിനിയുമുരുളും, വിഷു വരും, വർഷം വരും... എന്നൊക്കെ തന്നെയാണ്. അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം? അതുകൊണ്ട് കക്കാട് തന്നെ പറഞ്ഞത് പോലെ നമുക്കിനി സ്വരാജ് സഖാവിനെയും റിയാസ് സഖാവിനെയും സർവോപരി പുത്തലത്ത് സഖാവിനെയും ശാന്തരായ്, സൗമ്യരായ് എതിരേൽക്കാം. ജി.സു.സഖാവും ജയരാജ സഖാക്കളുമെല്ലാം പോയി വല്ല കവിതയുമെഴുതട്ടെ.

ഇ-മെയിൽ: dronar.keralakaumudi@gmail.com