
അടിയന്തര ഇടപെടൽ നടത്തി പൊതുമരാമത്ത് വകുപ്പ്
പട്ടിക ശേഖരിച്ച് വി.കെ. പ്രശാന്ത്
തിരുവനന്തപുരം: മേൽക്കൂരയും ഇരിപ്പിടവുമില്ലാത്ത നഗരത്തിലെ ബസ് ഷെൽട്ടറുകളെ കുറിച്ചുള്ള കേരളകൗമുദി വാർത്തയിൽ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ ബസ് ഷെൽട്ടറുകളുടെ കണക്ക് ശേഖരിച്ച് എം.എൽ.എ പൊതുമരാമത്ത് വകുപ്പിന് കൈമാറി. മറ്റ് മണ്ഡലങ്ങളിലേയും ബസ് സ്റ്റോപ്പുകളുടെ കാര്യത്തിൽ വകുപ്പ് അടിയന്തര ഇടപെടൽ നടത്തുമെന്നാണ് വിവരം. ബസ് ഷെൽട്ടറുകളുടെ പരിപാലന ചുമതല ആർക്കാണ്,ക മ്പനികൾ സ്പോൺസർ ചെയ്ത് പണിതവയാണെങ്കിൽ സ്പോൺസർഷിപ്പിന്റെ കാലാവധി കഴിഞ്ഞോ തുടങ്ങി കാര്യങ്ങളാണ് പൊതുമരാമത്ത് വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കടക്കം പൊതുമരാമത്ത് വകുപ്പ് നോട്ടീസ് അയച്ചു.
ആകാശം കാണും ബസ് ഷെൽട്ടറുകൾ
നഗരത്തിൽ ഒന്നോ രണ്ടോ ഇടത്തല്ല, പലയിടത്തുമുണ്ട് പരിതാപകരമായ ബസ് ഷെൽട്ടറുകൾ. ഇരിപ്പിടവും മേൽക്കൂരയുമില്ലാത്ത ഷെൽട്ടറുകളിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരുടെ ദുരവസ്ഥയെപ്പറ്റി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പട്ടം ജംഗ്ഷനിലെ പി.എസ്.സി ഓഫീസിന് മുന്നിലെ ബസ് ഷെൽട്ടറിലെ ഇരിപ്പിടം ഇളകിയിട്ട് രണ്ട് വർഷം കഴിഞ്ഞു. കെ.മുരളീധരൻ വട്ടിയൂർക്കാവ് എം.എൽ.എയായിരുന്നപ്പോൾ പണിതതാണ് ഈ ബസ് ഷെൽട്ടർ. തൊട്ടപ്പുറത്ത് കേശവദാസപുരം ജംഗ്ഷനിൽ കിളിമാനൂർ റൂട്ട് പോകുന്ന ഷെൽട്ടറിലേയും അവസ്ഥ സമാനമാണ്. ധാരാളം കോളേജ് - സ്കൂൾ വിദ്യാർത്ഥികളാണ് ഇവിടെ നിന്ന് ബസ് കയറുന്നത്. പന്ത്രണ്ട് വർഷം മുൻപ് പണിതതാണ് ഈ ബസ് ഷെൽട്ടർ.
കേശവദാസപുരത്ത് നിന്ന് ഉള്ളൂരിലേക്ക് പോകുന്ന ഭാഗത്തേക്കും നല്ലൊരു കാത്തിരിപ്പ് കേന്ദ്രമില്ല.
വെള്ളായണി ജംഗ്ഷനിൽ പെട്രോൾ പമ്പിനടുത്തുള്ള ബസ് ഷെൽട്ടറിന്റെ മേൽക്കൂരയുടെ സീലിംഗ് അടുത്തിടെ ബസ് കാത്ത് നിന്നവരുടെ പുറത്തുകൂടിയാണ് പൊളിഞ്ഞുവീണത്. ഒ.രാജഗോപാൽ എം.എൽ.എയായിരുന്ന സമയത്തായിരുന്നു ഈ ഷെൽഡർ നിർമ്മിച്ചത്.
വിവിധ രാഷ്ട്രീയപാർട്ടികൾ, ക്ലബുകൾ തുടങ്ങി സംഘടനകൾ നിർമ്മിച്ച ബസ് സ്റ്റോപ്പുകൾ നഗരത്തിൽ തലയുയർത്തി നിൽക്കുമ്പോഴാണ് ജനപ്രതിനിധികൾ നിർമ്മിച്ച ബസ് സ്റ്റോപ്പുകൾക്ക് മോശം സ്ഥിതി. നഗരത്തിൽ ഏറെ തിരക്കുളള സ്ഥലങ്ങളായ പേരൂർക്കട,കിഴക്കേകോട്ടയിൽ നിന്ന് മലയിൻകീഴ് പോകുന്ന റൂട്ട്, കൈമനത്ത് നിന്ന് കിഴക്കേകോട്ട പോകുന്ന റൂട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകളില്ല. മഴ നനഞ്ഞും വെയിലേറ്റും മണിക്കൂറുകളോളമാണ് പൊതുജനം റോഡിൽ നിൽക്കുന്നത്.
സ്മാർട്ടെന്ന് പറഞ്ഞ് പറ്രിച്ചു
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാന നഗരത്തിൽ പണിത ബസ് സ്റ്റോപ്പുകളിൽ പലതിലും തുടക്കത്തിൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. യാത്രക്കാർക്ക് കാത്തിരിക്കാനൊരിടം മാത്രമായി സ്മാർട്ട് ബസ് സ്റ്റോപ്പുകളൊതുങ്ങി. ഭൂരിപക്ഷം സ്മാർട്ട് ബസ് സ്റ്റോപ്പുകളിലും വൈഫൈ സംവിധാനമില്ല. പാട്ട് കേട്ട് ബസ് കാത്തിരിക്കാമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. മൊബൈൽ ചാർജിംഗ് പോയിന്റുകളോ ബസ് റൂട്ടുകളടങ്ങിയ ചാർട്ടോ ഒന്നുംതന്നെ നഗരഹൃദയത്തിലെ ഒട്ടുമിക്ക സ്റ്റോപ്പുകളിലും സ്ഥാപിച്ചിട്ടില്ല.