g

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)​ നേതൃസ്ഥാനത്തു നിന്ന് തന്നെ മാറ്രാൻ ആർക്കും സാധിക്കില്ലെന്നും സമയമാകുമ്പോൾ സ്വയം മാറുമെന്നും ചെയർമാൻ കെ.ബി. ഗണേശ്കുമാർ എം.എൽ.എ പറഞ്ഞു. സംസ്ഥാന ഭാരവാഹികളുടെ യോഗത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെയർമാനായി മരണം വരെ തുടരില്ല. സ്വയം വിരമിക്കും. അല്ലാതെ എനിക്കിട്ട് പണിത് പുറത്താക്കാൻ കഴിയില്ല. പുതിയ തലമുറയെ നേതൃത്വത്തിലേക്ക് കൊണ്ടുവരും. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജില്ലാതലം വരെ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. കോടതിവിധി മാനിച്ചാണ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. നിലവിൽ 22000 അംഗങ്ങൾ പാർട്ടിയിലുണ്ട്. 187 പേർ അടങ്ങിയ സംസ്ഥാന സമിതിയിൽ ലീവെടുത്ത ഏഴ് പേരൊഴികെ 180 പേർ പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസമേഖലയിൽ കുറഞ്ഞ ചെലവിൽ പഠിക്കാൻ കൂടുതൽ അവസരമുണ്ടാകണമെന്ന് ഗണേശ്കുമാർ പറഞ്ഞു. മന്ത്രിസ്ഥാനം നേരത്തേ എൽ.ഡി.എഫ് തീരുമാനിച്ചതാണ്. നാളെ നടക്കാനുള്ള കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല.