
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചടച്ചികരിക്കകം കള്ളിപ്പാറ കടുവപ്പാറ പാലം തകർന്നിട്ട് നാല് മാസം ആയിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഇതോടുകൂടി ഇതുവഴിയുള്ള വാഹനഗതാഗതവും നിലച്ച മട്ടാണ്.നിലവിൽ കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകളും സർവീസുകൾ അവസാനിപ്പിച്ചു. വെഞ്ഞാറമൂട് പാലോട് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡിനാണ് ഈ ദുർഗതി.സ്കൂൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചതോടെ വിദ്യാർത്ഥികളുടെ കാര്യമാണ് ഏറെ പ്രതിസന്ധിയിലായത്. മീൻമുട്ടി ടൂറിസം കേന്ദ്രത്തിലെത്താനുള്ള വഴിയും ഇതു തന്നെയാണ്.എന്നാൽ ചെല്ലഞ്ചി നന്ദിയോട് റോഡിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതിനാൽ പാലത്തിനായ് വീണ്ടും പൈസ അനുവദിക്കാനാവില്ലെന്നും നിലവിലെ റോഡ് നിർമ്മാണത്തോടനുബന്ധിച്ച് പാലത്തിനും ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ പറഞ്ഞു. നിലവിലെ പാലം പൊളിക്കാതെ തന്നെ തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്താൽ മതിയെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്തുകളുടെ ഇടപെടൽ ഉണ്ടായാൽ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.