തിരുവനന്തപുരം: മുതിർന്ന പൗരന്റെ ഓട്ടോറിക്ഷ പട്ടാപ്പകൽ മോഷണംപോയി എട്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തത് നീതി നിഷേധമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്നും പുരോഗതി സംബന്ധിച്ച വിവരങ്ങൾ കമ്മിഷനെ അറിയിക്കണമെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
ഏപ്രിൽ 5ന് കേസ് പരിഗണിക്കും. 2021 ഏപ്രിൽ 25ന് ഉച്ചയ്ക്കാണ് കരകുളം സ്വദേശി ജെ.ഐപ്പിന്റെ ഓട്ടോ മോഷണം പോകുന്നത്. സവാരി വിളിച്ചവർ വള്ളക്കടവിന് സമീപമെത്തിയപ്പോൾ ,ആർ.ടി.ഒ. ഉദ്യോഗസ്ഥരെന്ന് ഭീഷണിപ്പെടുത്തി ഓട്ടോ മോഷ്ടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന 8 പവനും മൊബൈൽ ഫോണും മോഷണംപോയി. ട്യൂഷനെടുത്തും ഓട്ടോ ഓടിച്ചുമാണ് ഐപ്പ് ഉപജീവനം നടത്തുന്നത്. വാഹന മോഷണത്തെപ്പറ്റി അറിയില്ലെന്ന് പരാതിക്കാരന്റെ ഓട്ടോയുടെ ആർ.സി ഓണർ രാജേഷ് പറയുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഓട്ടോറിക്ഷ വാങ്ങാൻ താൻ പരാതിക്കാരന് ജാമ്യം നിൽക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരൻ ലോൺ അടവിൽ പലപ്പോഴായി മുടക്കം വരുത്തിയിട്ടുണ്ടെന്നും രാജേഷ് പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2019 ഒക്ടോബറിൽ വാഹന വായ്പ അടച്ചുതീർത്തതായി പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു. ആർ.സി ഓണറായ രാജേഷിനോട് ഓട്ടോയുടെ ഉടമസ്ഥാവകാശം തനിക്ക് കൈമാറാൻ സി.ഐയും, എസ്.ഐയും പറഞ്ഞിട്ടും രാജേഷ് തയ്യാറായില്ലെന്നും പരാതിക്കാരൻ അറിയിച്ചു.