
പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കൽ തുടരുന്നു
തിരുവനന്തപുരം: തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷിന്റെ വീട് മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സുരേഷിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച അദ്ദേഹം ജഡ്ജിക്കുന്നിലെ സംഭവവികാസങ്ങളും കസ്റ്റഡി മരണം സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിലായതിനാലാണ് സുരേഷിന്റെ വീട് സന്ദർശിക്കാൻ വൈകിയതെന്ന് മന്ത്രി വീട്ടുകാരെ അറിയിച്ചു. ജഡ്ജിക്കുന്നിലെ സംഭവങ്ങളും സുരേഷിന്റെ മരണവും നിർഭാഗ്യകരമാണ്, പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നും പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കസ്റ്റഡിമരണം അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംഭവ ദിവസം തിരുവല്ലം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരുടെ മൊഴികൂടി ഇന്നലെ രേഖപ്പെടുത്തി. സദാചാര പൊലീസിംഗിനിരയായ പേരൂർക്കട സ്വദേശികളെ നേരിൽ കാണാനായി ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്നലെ അവരുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെട്ട് നേരിൽക്കാണാനുള്ള അവസരമുണ്ടാക്കിയശേഷം മൊഴി രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയെങ്കിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ക്രൈം രജിസ്റ്റർ ചെയ്‌ത് ഫയൽ കൈമാറിയിട്ടില്ല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിനാണ് അന്വേഷണ ചുമതല. തിങ്കളാഴ്ചയോടെ കേസ് രജിസ്റ്റർ ചെയ്‌തശേഷം കേസ് ഫയലുകൾ ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് തിരികെ വാങ്ങുമെന്നാണ് സൂചന. അതേസമയം ദമ്പതികൾക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞദിവസം കോടതി ജാമ്യം നിഷേധിച്ച പ്രതികൾ ജാമ്യത്തിനായി മേൽക്കോടതിയെ സമീപിക്കാൻ ശ്രമം തുടങ്ങി. രണ്ടുദിവസത്തിനകം സബ് കോടതിയിൽ ഇവർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. പ്രതികൾക്ക് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് കേസ് അട്ടിമറിക്കാനും ഇടയാക്കുമെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം നെയ്യാറ്റിൻകര കോടതി ജാമ്യം നിഷേധിച്ചത്.
നാളെ സുരേഷിന്റെ ബന്ധുക്കളുടെ രഹസ്യമൊഴിയെടുക്കും
തിരുവനന്തപുരം: സംഭവത്തിൽ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് തിങ്കളാഴ്ച സുരേഷിന്റെ കുടുംബാംഗങ്ങളുടെ രഹസ്യമൊഴിയെടുക്കും. ഇന്നലെ ഉച്ചകഴിഞ്ഞ് മൊഴിരേഖപ്പെടുത്താൻ മജിസ്ട്രേറ്റ് വിനോദ് ബാബു തിരുവല്ലം ക്രൈസ്റ്റ്നഗറിലെ സുരേഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നെങ്കിലും ഇന്ന് സുരേഷിന്റെ മരണാനന്തര ചടങ്ങുകൾ നടക്കാനിരിക്കെ ബന്ധുക്കളുടെ സാന്നിദ്ധ്യം കാരണം നാളെ ഉച്ചയ്‌ക്കുശേഷം സുരേഷിന്റെ സഹോദരൻ സുഭാഷിനോടും മാതാപിതാക്കളോടും കോടതിയിലെത്താൻ നിർദേശിച്ച് മടങ്ങുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ സുരേഷ് മരിക്കുകയും ബന്ധുക്കൾ പൊലീസ് മർദ്ദനം ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.