war

കിളിമാനൂർ: യുദ്ധമുഖത്ത് നിന്ന് നാട്ടിലെത്തിയെങ്കിലും ഭയത്തോടെയുള്ള ഓട്ടവും വെടിയൊച്ചയും അനുശ്രീയുടെയും ഐശ്വര്യയുടെയും കാതിൽ മുഴങ്ങുന്നുണ്ട്. യുക്രെയിനിൽ കുടുങ്ങിയ സഹോദരിമാർ വെള്ളിയാഴ്ചയാണ് കിളിമാനൂരിലെത്തിയത്.

കാനറ പാലാഴി വീട്ടിൽ റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരൻ രാജുവിന്റെയും നഗരൂർ ഹെൽത്ത് സെന്ററിലെ ജീവനക്കാരി ഷീലയുടെയും മക്കളാണ് ഇരുവരും. റുമേനിയ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലെത്തിയശേഷമാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവരുൾപ്പെടെ 32മലയാളി വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.

യുക്രെയിനിലെ വിന്നിട്സുവിൽ നാഷണൽ പൈറൊഗൊവ് മെമ്മോറിയൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നും മൂന്നും വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനികളാണ് അനുശ്രീയും ഐശ്വര്യയും.

ഹോസ്റ്റലിൽ നിന്ന് റുമേനിയൻ അതിർത്തി വരെയുള്ള യാത്ര ദുരിതമായിരുന്നന്നും യാത്രയിൽ പലയിടത്തും സൈന്യം വാഹനം പരിശോധിച്ചെന്നും ഇവർ പറയുന്നു. അതിർത്തിയിലേക്കുള്ള യാത്രയിൽ വാഹനത്തിൽ ഇന്ത്യൻ പതാകയും സ്‌റ്റിക്കറുകളും പതിച്ചിരുന്നു. തുടർ പഠനത്തെക്കുറിച്ച് ആശങ്കയുണ്ടങ്കിലും നാട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണിവർ. ഒ.എസ്. അംബിക എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരി കൃഷ്ണൻ തുടങ്ങിയവർ ഇവരെ വീട്ടിലെത്തി സന്ദർശിച്ചു.