
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിരവധി നിയമങ്ങളുള്ള രാജ്യത്ത് സുരക്ഷയോർത്ത് സ്ത്രീകൾ വ്യാകുലപ്പെടേണ്ടത് പരിതാപകരമല്ലേ.
ഭരണഘടന സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സംരക്ഷണം ഉറപ്പുനൽകുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ (1860 ലെ) ഇന്ത്യൻ ശിക്ഷാ നിയമം മുതൽ ഇന്ത്യൻ പാർലമെന്റും സംസ്ഥാന നിയമസഭയും പാസാക്കിയ ഒട്ടേറെ നിയമങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനായി വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ട്. പുറമേയാണ് സ്ത്രീകൾക്കും കുട്ടികൾക്കും നീതി ഉറപ്പാക്കാനായി വിവിധ അന്താരാഷ്ട്ര കൺവെൻഷനുകളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള വനിതാകമ്മിഷൻ പോലുള്ള സംവിധാനങ്ങൾ.
എന്നിട്ടും കുറ്റകൃത്യങ്ങൾ നിയമം മൂലം തടയാൻ നമുക്ക് സാധിക്കാതെ പോകുന്നത് എന്തുകൊണ്ടാണ് ? ജനാധിപത്യം നിലനിൽക്കുന്ന ഏത് രാജ്യത്തും നിയമവ്യവസ്ഥകളിലെ പഴുതുകൾ തേടിപ്പിടിച്ചാണ് കുറ്റവാളികൾ രക്ഷപ്പെടുന്നത്. തെളിവുകളുടെ അഭാവമാണ് പലപ്പോഴും കുറ്റവാളിയെ എളുപ്പത്തിൽ സ്വതന്ത്രനാക്കുന്നത്. ദുർബലരായ ഇരകൾ, സാമൂഹ്യജീവിതത്തിലെ അവരുടെ താഴ്‌ചകൾ എന്നിവയും ഘടകമാണ്. സമൂഹത്തിൽ ഉന്നതസ്ഥാനവും സ്വാധീനവും പണവും ഉള്ള വ്യക്തി കുറ്റകൃത്യം ചെയ്‌താൽ വേഗത്തിൽ രക്ഷപ്പെടാം. മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം അയാളെ തുണയ്‌ക്കാൻ കൂടെ നില്‌ക്കും.
പ്രതികൾ ഉന്നത സ്വാധീനമുള്ളവരാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് വേണ്ടി നിയമം വളച്ചൊടിക്കുന്ന വൃത്തികെട്ട സമ്പ്രദായവും സാക്ഷര കേരളത്തിലുണ്ട് . കേസുകൾ അനന്തമായി നീണ്ടുപോകുമ്പോൾ പ്രതികൾക്ക് ജാമ്യത്തിലിറങ്ങി നാട്ടിൽ വിഹരിക്കാൻ സാഹചര്യമൊരുങ്ങുന്നത് മറ്റൊരു കാഴ്ച. മകളെ പീഡിപ്പിച്ച് കൊന്നവനും പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവനുമൊക്കെ ജാമ്യം നേടി ജേതാവിനെ പോലെ നെഞ്ചുവിരിച്ച് നടക്കുന്നത് ഈ പഴുതുകളുടെയും സ്വാധീനങ്ങളുടെയും പിൻബലത്തിലാണ്.
ഭരണഘടനാ വ്യവസ്ഥകൾ
സ്ത്രീകൾക്കും കുട്ടികൾക്കും കിട്ടേണ്ട ഭരണഘടനാപരമായ അവകാശങ്ങൾ പലതാണ്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന അനുച്ഛേദം 14 തന്നെയാണ് ഒന്നാമത്തെ വ്യവസ്ഥ. പൊതുസ്ഥലത്തെ തുല്യത ഉറപ്പുവരുത്തുന്നതാണ് അനുച്ഛേദം 15. മതം, ജാതി, വംശം, ലിംഗം, ജന്മദേശം എന്നിവയുടെ പേരിൽ ഒരു പൗരനെയും വേർതിരിച്ച് കാണരുതെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് അനുച്ഛേദം 15(1), 15(2) എന്നിവ. സ്ത്രീകളുടെയും കുട്ടികളുടെയും താല്പര്യസംരക്ഷണത്തിനായി പ്രത്യേക വ്യവസ്ഥകളുണ്ടാക്കാൻ സർക്കാരുകൾക്ക് അവകാശം നൽകുന്ന വ്യവസ്ഥയാണ് അനുച്ഛേദം 15(3).
സർക്കാർ ഓഫീസുകളിലോ തൊഴിലിടങ്ങളിലോ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പാക്കുന്നത് അനുച്ഛേദം 16 ആണ്. സ്ത്രീകൾക്കുള്ള പ്രസവാനുകൂല്യ സംരക്ഷണമാണ് അനുച്ഛേദം 42 പറയുന്നത്. സ്ത്രീകളുടെ അന്തസ്സിന് കോട്ടംതട്ടുന്ന പ്രവൃത്തികൾ
കർശനമായി തടയുന്ന വ്യവസ്ഥയാണ് അനുച്ഛേദം 51എ(ഇ).
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ സുപ്രീംകോടതിയും സുപ്രധാനവിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിശാഖയും രാജസ്ഥാൻ സർക്കാരും തമ്മിലെ കേസിലാണ് തൊഴിൽസ്ഥലത്തെ പീഡനം കർശനമായി തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധി. ജീവിക്കാനുള്ള പൗരയുടെ അവകാശം ഉറപ്പാക്കുന്ന അനുച്ഛേദം 21 ഉയർത്തിപ്പിടിച്ചാണ് മാനഭംഗം ഗുരുതര കുറ്റകൃത്യമാണെന്ന് ബോധിസത്വ ഗൗതമും സുഭ്ര ചക്രബർത്തിയും തമ്മിലെ കേസിൽ സുപ്രീംകോടതി വിധിച്ചത്.
പ്രസവിക്കുന്നു എന്ന കാരണത്താൽ സ്ത്രീകളെ തൊഴിലിൽ നിന്ന് പിരിച്ചുവിടരുതെന്ന സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് നെർഗേഷ് മിർസയും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയും തമ്മിലുള്ള കേസിലായിരുന്നു.
1860ലെ ഇന്ത്യൻ ശിക്ഷാനിയമത്തിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഗൗരവമേറിയ വകുപ്പുകൾ നിർദ്ദേശിക്കുന്നുണ്ട്. ഭർത്താവിന്റെയോ ഭർത്തൃബന്ധുക്കളുടെയോ ക്രൂരതയ്ക്കിരയാവുന്ന സ്ത്രീക്ക് സംരക്ഷണമുറപ്പാക്കുന്നതാണ് 498 എ വകുപ്പ്. സ്ത്രീധന മരണക്കേസിൽ ശിക്ഷ വിധിക്കുന്ന വകുപ്പ് 304 ബി ആണ്. സ്ത്രീകളുടെ മാനാഭിമാനം ലംഘിച്ചാലുള്ള ശിക്ഷ വിധിക്കുന്നത് 354ാം വകുപ്പനുസരിച്ചാണ്. ബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷ 376ാം വകുപ്പ് വിധിക്കുന്നു. സ്ത്രീകളുടെ ചാരിത്ര്യത്തെ അപമാനിച്ചാൽ 509ാം വകുപ്പനുസരിച്ചാണ് ശിക്ഷ.
2013ലെ നിർഭയ കേസിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തിയതോടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കൂടുതൽ ശക്തമായ വകുപ്പുകൾ കൂടി നിലവിൽ വരികയുണ്ടായി. ഇതനുസരിച്ച്, സ്ത്രീകൾക്കെതിരായ ലൈംഗിക പീഡനത്തിന് 354 എ വകുപ്പ് പ്രകാരവും സ്ത്രീകളെ ക്രൂരമായി അതിക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചാൽ 354ബി വകുപ്പ് പ്രകാരവും ഇരയുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ പ്രദർശിപ്പിച്ചാൽ 354 സി പ്രകാരവും നിരന്തരമായി സ്ത്രീകളെ വ്യക്തിപരമായ സംഭാഷണത്തിനായി സമ്മർദ്ദം ചെലുത്തിയാൽ 354ഡി പ്രകാരവും കുറ്റകൃത്യമായി കണക്കാക്കും.
ക്രിമിനൽ നടപടിച്ചട്ടങ്ങളിലും സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി ശക്തമായ വകുപ്പുകളുണ്ട്. സി.ആർ.പി.സി 46-ാം വകുപ്പ് പ്രകാരമാണെങ്കിൽ ഒരു സ്ത്രീയെയും സൂര്യാസ്തമനത്തിന് ശേഷമോ സൂര്യോദയത്തിന് മുമ്പോ അറസ്റ്റ് ചെയ്യരുത്.
സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ തടയുന്നതിനുള്ള 2005ലെ നിയമം സ്ത്രീകളുടെ സംരക്ഷണമുറപ്പാക്കുന്നതിൽ സുപ്രധാന ചുവടുവയ്പാണ്. ശക്തമായ വകുപ്പുകളാണ് നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിലെ 18ാം വകുപ്പനുസരിച്ച് സ്ത്രീക്കെതിരായ ഏതുതരം ഗാർഹികപീഡനവും തടഞ്ഞുകൊണ്ട് സംരക്ഷണ ഉത്തരവ് പുറപ്പെടുവിക്കാൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്നു. ഈ നിയമം ഇരകളായ സ്ത്രീകൾക്ക് സാമ്പത്തികാനുകൂല്യവും (സെക്‌ഷൻ 20), നഷ്ടപരിഹാരവും (സെക്‌ഷൻ 22) ഉൾപ്പെടെ ഉറപ്പ് നൽകുന്നുണ്ട്.
1961ലെ സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പനുസരിച്ച് സ്ത്രീധനം വാങ്ങിയാൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവും 50,000 രൂപയിൽ കുറയാത്ത പിഴ അല്ലെങ്കിൽ വാങ്ങിയ സ്ത്രീധനത്തിന് തുല്യമായ തുക ഇതിലേതാണോ കൂടുതൽ അത് എന്നിങ്ങനെയാണ് ശിക്ഷ. വിശാഖ കേസിലെ വിധിയെ തുടർന്ന് നിർമ്മിച്ചതായിരുന്നു 2013ലെ തൊഴിൽസ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗികപീഡനം തടയലും നിരോധിക്കലും ശിക്ഷവിധിക്കലും നിയമം. ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന വനിതാ കമ്മിഷനുകളും മനുഷ്യാവകാശ കമ്മിഷനുകളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷ നൽകുന്ന സംവിധാനങ്ങളാണ്.
കുട്ടികളുടെ അവകാശസംരക്ഷണത്തിനും സമാനമായ നിയമങ്ങൾ ഇത്തരത്തിൽ നിരവധിയായുണ്ട്.
ഇത്രയൊക്കെ സംവിധാനങ്ങളുണ്ടായിട്ടും നമ്മുടെ രാജ്യത്ത് ഇപ്പോഴും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാനാകുന്നില്ലെങ്കിൽ അത് രാജ്യത്തെ നിയമം നടപ്പാക്കുന്നതിലെ കുഴപ്പമാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
(ലേഖകൻ ഗവൺമെന്റ് സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ സെക്‌ഷൻ ഓഫീസറാണ്. ഫോൺ: 9495303488)