
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും (സി.ടി.സി.ആർ.ഐ) പാറശാല ഗ്രാമസമൃദ്ധി ഫാർമാർ പ്രൊഡ്യൂസർ കമ്പനിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കിഴങ്ങുവിള കാർഷിക സെമിനാർ സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ. ഷീല ഉദ്ഘാടനം ചെയ്തു. ഉദിയൻകുളങ്ങര ദേവനന്ദ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ.സി. സുരേഷ്‌കുമാർ, സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ ശാസ്ത്രജ്ഞരായ ഡോ.സി. ബൈജു, ഡോ.സി. സുജ, ചെങ്കൽ കൃഷി ഓഫീസർ ആർ.ജെ. ആൻസി, വാർഡ് മെമ്പർ എ.കെ. ബിന്ദു, സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നീഷ്യൻ ഡി.ടി. റജിൻ, ഫാർമാർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ രാമചന്ദ്രൻ നായർ, ഡയറക്ടർ അശ്വതി പ്രമോദ്, സി.ഇ.ഒ വി.എം. ജ്യോതി എന്നിവർ സംസാരിച്ചു. സി.ടി.സി.ആർ.ഐ പുറത്തിറക്കിയ പുതിയ മരച്ചീനി ഇനമായ ശ്രീരക്ഷ, മധുരക്കിഴങ്ങുകളായ ഭൂകൃഷ്‌ണ, ശ്രീ അരുൺ എന്നീ നടീൽ വസ്തുക്കളും കർഷകർക്കായി വിതരണം ചെയ്തു. മരച്ചീനി കർഷകരെ സംരംഭകരാക്കി മാറ്റുന്നതിനുള്ള ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് ഡോ.ജി. സുജ, സി. ബൈജു എന്നിവർ ക്ലാസെടുത്തു. നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു.