1

തിരുവനന്തപുരം: നഗരസഭയിലെ നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് സമിതി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരില്ലാതെ വിജയം. ഘടകക്ഷിയായ ജനതാദൾ എസിന്റെ സിന്ധു വിജയനാണ് അദ്ധ്യക്ഷയായി വിജയിച്ചത്. വെങ്ങാനൂർ വാർഡ് കൗൺസിലറാണ് സിന്ധു.

സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷനായിരുന്ന എൽ.ഡി.എഫിന്റെ തന്നെ എസ്.എം. ബഷീർ രാജിവച്ചതിനെ തുടർന്നായിരുന്നു തിര‌ഞ്ഞെടുപ്പ്. ഒരു വർഷവും മൂന്ന് മാസവും എന്ന കാലാവധി പൂർത്തിയാക്കി അടുത്ത കക്ഷിക്ക് മാറി നൽകണമെന്ന് ഭരണസമിതി ആരംഭിച്ചപ്പോൾ അംഗീകരിച്ച എൽ.‌ഡി.എഫ് വ്യവസ്ഥയുടെ ഭാഗമായാണ് ബഷീർ രാജി വച്ചത്. ഘടക കഷികൾക്ക് ഒരുവർഷം മൂന്നുമാസം എന്ന നിലയ്ക്ക് നാലുപേർക്ക് നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം വീതിച്ചുനൽകിയിരുന്നു. ഇനി കോൺഗ്രസ് എസിന്റെ കൗൺസിലറായ പാളയം രാജനും ജെ.എസ്.എസിന്റെ കൗൺസിലറായ സുരകുമാരിയുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.
ആകെയുള്ള 12 അംഗങ്ങളിൽ ഏഴുപേരാണ് തിരഞ്ഞെടുപ്പിന് ഹാജരായത്. സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാതിരുന്ന ബി.ജെ.പിയും യു.ഡി.എഫും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌തു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് സിന്ധുവിജയന്റെ നാമനിർദേശ പത്രിക മാത്രമാണുണ്ടായിരുന്നത്. ഇതോടെ ഇവരെ അദ്ധ്യക്ഷയായി തിരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിച്ചു.

എൽ.ഡി.എഫ് കൗൺസിലർമാരായ സിന്ധു വിജയൻ, എസ് എം. ബഷീർ, ശ്രീദേവി, പാളയം രാജൻ, ഷാജിതാ നാസർ, സ്റ്റാൻലി ഡിക്രൂസ്, സുരകുമാരി എന്നിവരാണ് തിരഞ്ഞെടുപ്പിന് ഹാജരായത്. ബി.ജെ.പി കൗൺസിലർമാരായ കരമന അജിത്, എസ്. പത്മ, നെടുമം വി. മോഹനൻ, എസ്.കെ. ശ്രീദേവി, യു.ഡി.എഫ് കൗൺസിലർ എസ്. സുരേഷ് കുമാർ എന്നിവരാണ് ഹാജരാകാതിരുന്നത്.