നെടുമങ്ങാട് : വേനൽ ചൂടിനിടയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിലും കൈ പൊള്ളി ജനം. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വർദ്ധിപ്പിച്ചതോടെ അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റുന്നു. വരാനിരിക്കുന്ന ഇന്ധന വില വർദ്ധനവും കൂടിയാകുമ്പോൾ സാധാരണക്കാരുടെ ജീവിതം ദുരിതമയമാകും. വിവിധ ഇനം സാധനങ്ങൾക്ക് കിലോഗ്രാമിന് മൂന്ന് മുതൽ 120രൂപയുടെ വരെ വിലവർദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഉണ്ടായത്. അരി, പാചക എണ്ണ, മസാല ഉത്പന്നങ്ങൾ, പലവ്യഞ്ജന ഇനങ്ങൾ എന്നിവയ്ക്കാണ് വില കുതിച്ചുയരുന്നത്. പാചക എണ്ണയായ സൺഫ്ലവർ ഓയിലിന് കിലോഗ്രാമിന് ഒരാഴ്ച മുമ്പ് 135രൂപയായിരുന്നെങ്കിൽ ഇന്നലത്തെ വില 180രൂപയായിരുന്നു. വിവിധ ഇനം അരിയ്ക്ക് കിലോഗ്രാമിന് മൂന്ന് മുതൽ എട്ടുരൂപവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധിച്ചത്. വറ്റൽമുളകിന്റെ വില 180രൂപയിൽ നിന്ന് 260രൂപയായി ഉയർന്നു. വെളിച്ചെണ്ണയ്ക്ക് കാര്യമായ വിലവർദ്ധനവ് ഉണ്ടായിട്ടില്ല. കിലോഗ്രാമിന് അഞ്ചുരൂപയേ വർദ്ധിച്ചിട്ടുള്ളൂ.
പഴിചാരി വ്യാപാരികൾ
യുക്രെയിനിൽ യുദ്ധം നടക്കുന്നതിനാലാണ് ചില ഇനങ്ങൾക്ക് വില വർദ്ധിച്ചതെന്നാണ് മൊത്തവ്യാപാരികളുടെ ഭാഷ്യം. എന്നാൽ യുദ്ധം പ്രഖ്യാപിക്കുന്നതിന് പത്ത് ദിവസം മുമ്പ് മുതൽ തന്നെ വില വർദ്ധിപ്പിച്ചതായി ചെറുകിട വ്യാപാരികൾ പറയുന്നു. മൊത്തവ്യാപാരികൾ യുദ്ധത്തിന്റെ പേരിൽ സാധനങ്ങൾ പൂഴ്ത്തിവച്ച് വിലക്കയറ്റം സൃഷ്ടിക്കുന്നതായാണ് ഇവരുടെ ആരോപണം. പൂഴ്ത്തിവയ്പും അമിത വിലവർദ്ധനവും തടയാനുള്ള പരിശോധന ശക്തമല്ലെന്നും ആക്ഷേപമുണ്ട്. വില വർദ്ധിച്ചതോടെ ചെറുകിട വ്യാപാരികൾക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കുന്നില്ല.
വിലക്കയറ്റം: നിലവിലെ വില, കഴിഞ്ഞ ആഴ്ചത്തെ വില
(വെളിച്ചെണ്ണ.................................180,175
ഓയിൽ......................................... 260,180
അരി (ജയ)......................... 40,34
പച്ചരി ............................48,45
വറ്റൽമുളക്................................180,260
മുളക് കാശ്മീരി.......................... 360,280
മുളക് പിരിയൻ(ചടയൻ)......... 460,340
മല്ലി............................................140,100
ഉഴുന്ന്...................................... 130,110
തുവരപരിപ്പ്...........................130,120
ചെറുപയർ............................. 115,88
പഞ്ചസാര...............................37,37
ചുവന്നുള്ളി.............................52,40
വെളുത്തുള്ളി..........................110,82
കടല......................................... 65,80