
തിരുവനന്തപുരം: തങ്ങളുടെ സ്ഥിതി അവർക്കും ഉണ്ടാകരുതെന്ന ആഗ്രഹത്താലാണ് വെള്ളറടയ്ക്ക് സമീപം ആനപ്പാറ സ്വദേശിയായ സതീശനും പ്രേമയും സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലും കിട്ടാവുന്നത്ര വായ്പ എടുത്ത് മൂന്നു മക്കളെ മെഡിക്കൽ പഠനത്തിന് യുക്രെയിനിലേക്ക് അയച്ചത്. അതിൽ ഒരാൾ പഠനം പൂർത്തിയാക്കി തിരിച്ചെത്തി ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. യുക്രെയിനിലെ യുദ്ധം മറ്റുരണ്ടുപേരുടെയും പഠനം പ്രതിസന്ധിയിലാക്കി. നാട്ടിൽ തിരിച്ചെത്തിയ അവരുടെ തുടർ പഠനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കുപുറമേ, എടുത്ത വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന വേദനയും അവരെ അലട്ടുന്നു. മക്കൾക്കായി എടുത്ത വായ്‌പ ഉൾപ്പെടെ 40 ലക്ഷത്തോളം രൂപയുടെ കടമുണ്ട് ഇവർക്ക്.
ആനപ്പാറയിലെ ആറുസെന്റ് സ്ഥലത്തെ രണ്ടുമുറി വീട്ടിലാണ് സതീശനും പ്രേമയും മക്കളായ അനുഷ, ബിനുഷ, സാജിത്ത് എന്നിവർ കഴിയുന്നത്. ഇതിൽ ബിനുഷയും സാജിത്തുമാണ് യുക്രെയിനിൽ പഠിക്കുന്നത്. ബിനുഷ അവസാന വർഷ വിദ്യാർത്ഥിനിയും സാജിത്ത് അഞ്ചാംവർഷ വിദ്യാർത്ഥിയും. അനുഷ കോഴ്സ് പൂർത്തിയാക്കി. 1.20 ലക്ഷം രൂപ കടം വാങ്ങിയാണ് അനുഷയ്ക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പിനായി കെട്ടിവച്ചത്. ക്വാറിത്തൊഴിലാളിയായിരുന്ന സതീശന് ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായി. ഇപ്പോൾ വീടിനോട് ചേർന്ന് പച്ചക്കറി കട നടത്തുകയാണ്. ഇതിൽ നിന്നുള്ള തുച്ഛമായ വരുമാനം ഒന്നിനും തികയില്ല. വീടും സ്ഥലവും ഈടുവച്ച് പിന്നാക്ക സമുദായ കോർപ്പറേഷനിൽ നിന്നെടുത്ത അഞ്ച് ലക്ഷം രൂപയും കൈയിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണയം വച്ചാണ് അനുഷയെ യുക്രെയിനിൽ പഠനത്തിനായി അയച്ചത്. ഇതിന്റെ പലിശ പോലും അടയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. ലോൺ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിൽ നിന്ന് പലതവണ നോട്ടീസ് ലഭിച്ചു. ബന്ധുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെ കടം വാങ്ങിയാണ് മക്കളുടെ പഠനച്ചെലവുകൾ നടത്തിയിരുന്നത്. മേയിൽ ബിനുഷയുടെ അവസാന വർഷ പരീക്ഷ നടക്കാനിരിക്കുകയാണ്. അവസാന സെമസ്‌റ്ററിലെ ഫീസായ 3.5 ലക്ഷം രൂപയും ഇവർ അടച്ചിട്ടില്ല. കാരക്കോണത്തെ ബാങ്കിൽ ഇവർക്ക് അക്കൗണ്ടുണ്ട്. അക്കൗണ്ട് നമ്പർ: 11010100318217. ഐ.എഫ്.എസ്.സി കോഡ്: FDRL0001101