
വെഞ്ഞാറമൂട്: ഇരുട്ട് എങ്ങു പോയ്... എങ്ങു പോയി? പായെല്ലാം ചുരുട്ടുന്നു, ചുറ്റും വെളിച്ചം വെളിച്ചം... അവനി നാല് വർഷം മുൻപ് ജില്ലാ കലോത്സവ വേദിയിൽ പാടിയ കവിതയാണിത്. കവിതയിലെ വരികൾ പോലെ അവനിയുടെ കിളിക്കൂട് വീട്ടിൽ ഇപ്പോൾ അതിജീവനത്തിന്റെ വെളിച്ചം മാത്രം.
വെഞ്ഞാറമൂട് ആലന്തറ കിളിക്കൂട്ടിൽ ശിവപ്രസാദിന്റേയും സജിതയുടെയും മകൾ അവനിക്ക് (16) 2018ലാണ് ഡോക്ടർമാർ അർബുദം (ലിം ഫോബ്ലാസ്റ്റിക് ലിംബോമ) സ്ഥിതീകരിക്കുന്നത്. തുടർന്ന് കീമയുടെയും ചികിത്സയുടെയും നാളുകൾ. ഇരുപത്തഞ്ചോളം കീമോയാണ് ചെയ്തത്. ചികിത്സയ്ക്കൊപ്പം സംഗീതവും തുടർന്നു. സെന്റർ ഫോർ കൾച്ചറൽ ട്രെയിനിംഗിന്റെ സ്കോളർഷിപ്പ് നേടി, നിരവധി വേദികളിലും പാടി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസും നേടി. അവനിയുടെ നിശ്ചയദാർഢ്യത്തിനും സംഗീതത്തിനും മുന്നിൽ കാൻസറും വഴി മാറി.
ഈ സന്തോഷത്തിനിടയിലും അവനിക്ക് ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വിവാഹത്തോടെ അഴിച്ചു വച്ച ചിലങ്ക ഒരിക്കൽ കൂടി അമ്മ അണിയണം. നല്ല നർത്തകി കൂടിയായ അവനിയുടെ അമ്മ സജിത, മകളുടെ നിർബന്ധത്തിന് വഴങ്ങി വീണ്ടും അവനി മത്സരിക്കുന്ന ഗായിക സുജാത ജഡ്ജായുള്ള ഒരു റിയാലിറ്റി ഷോയുടെ വേദിയിൽ വച്ച് ചിലങ്ക അണിഞ്ഞിരിക്കുകയാണ്. ഇനി അവനിയുടെ സംഗീതത്തിൽ അമ്മ ചുവട് വയ്ക്കും. റിയാലിറ്റി ഷോയിലെ ഫൈനൽ മത്സരാർത്ഥിയാണ് അവനി ഇപ്പോൾ.