
ശിവഗിരി : ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ പഠനം നടത്തിയ സന്യാസിമാരുടെ സംഗമം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നു.
സന്യാസ സമ്പ്രദായങ്ങളുടെ ആരംഭം, വളർച്ച,പുരോഗതി, തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും, ഗുരുദേവൻ സന്യാസിയെന്നാൽ ത്യാഗി, പരോപകാരാർത്ഥം പ്രവർത്തിക്കുന്നവൻ എന്ന ഗുരുദേവന്റെ നിർവചനത്തിന്റെ അടിസ്ഥാനത്തിൽ ശിവഗിരിയിലെ സന്യാസിമാർ നിർവ്വഹിക്കേണ്ട കർത്തവ്യങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. ശ്രീബുദ്ധൻ, ശ്രീശങ്കരാചാര്യർ എന്നീ മഹാത്മാക്കൾ ആരംഭിച്ച സന്യാസി സമ്പ്രദായത്തിനു ശേഷം ശ്രീനാരായണ ഗുരു സ്ഥാപിച്ച സ്വതന്ത്രമായ സന്യാസി സംഘമാണ് ശ്രീനാരായണ ധർമ്മസംഘമെന്ന് യോഗം വിലയിരുത്തി ആദ്ധ്യാത്മികമായ ജീവിത നിഷ്ഠയോടൊപ്പം സാമൂഹികവും കാലികവുമായ പ്രശ്നങ്ങളിലും ഗുരുദേവന്റെയും ശിഷ്യൻമാരുടേയും മാതൃക സ്വീകരിച്ച് പ്രതികരണ ക്ഷമതയോടെ സന്യാസിമാർ പ്രവർത്തിക്കണം . ധർമ്മസംഘത്തിന്റെ ശാഖാസ്ഥാപനങ്ങളില്ലാത്ത ജില്ലകളിലും മറ്റ് പ്രദേശങ്ങളിലും ശാഖകൾ സ്ഥാപിക്കാനും ഗുരുദേവ സന്ദേശ പ്രചാരണം ഊർജിതമാക്കാനും ആത്മാർപ്പണം ചെയ്ത് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
ശിവഗിരി തീർത്ഥാടനത്തിന്റെ നവതി ആഘോഷം, ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷം എന്നിവ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കും. മാസത്തിലൊരിക്കൽ സന്യാസിമാർ ശിവഗിരിയിൽ സൽസംഗം, ധ്യാനം, പ്രബോധനം എന്നിവ നടത്തും..ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശുഭാംഗാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് സ്വാമി അസ്പർശാനന്ദ, സ്വാമി വിദ്യാനന്ദ സ്വാമി യോഗാനന്ദ തീർത്ഥർ,സ്വാമി നിവേദനാനന്ദ, സ്വാമി മഹാദേവാനന്ദ, സ്വാമി അമേയനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ഗോവിന്ദാനന്ദ,സ്വാമി മഹേശ്വരാനന്ദ, സ്വാമി ജ്ഞാന തീർത്ഥർ, സ്വാമി ധർമ്മചൈതന്യ, സ്വാമി ധർമ്മ വ്രതൻ, സ്വാമി കൈവല്യാനന്ദ സരസ്വതി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ -ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ പഠനം നടത്തിയ സന്യാസിമാരുടെ സംഗമം ശിവഗിരിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്നപ്പോൾ.