
രമേശ് ചെന്നിത്തല
മതേതര കേരളത്തിന്റെ വഴിവിളക്കായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാത പിന്തുടർന്ന് മുസ്ലീം ലീഗിന്റെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച ഹൈദരലിതങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ഗുരുതുല്യനായ വ്യക്തിത്വമായിരുന്നു. ഞാൻ പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായിരുന്ന കാലത്ത് അദ്ദേഹം എനിക്ക് നൽകിയ പിന്തുണയും സഹകരണവും വിലമതിക്കാനാകാത്തതായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ ഏത് പ്രശ്നം ഉടലെടുക്കുമ്പോഴും പാണക്കാട് ചെന്ന് അദ്ദേഹത്തെ കണ്ട് സംസാരിച്ചുകഴിഞ്ഞാൽ പരിഹാരമാർഗം തെളിയും. യു.ഡി.എഫ് ചെയർമാനായി പ്രവർത്തിച്ചകാലത്ത് എന്റെ കരുത്തും ശക്തിയും ഹൈദരലി തങ്ങളായിരുന്നു.
കേരളത്തിന്റെ മതേതര സ്വഭാവവും മതനിരപേക്ഷ മൂല്യങ്ങളും നിലനിർത്തുന്നതിൽ പാണക്കാട് തങ്ങൾമാർക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തിന്റെ മുഖ്യധാരയിലുള്ള പ്രധാന്യം തന്നെ പാണക്കാട് തങ്ങൾമാരുടെ നേതൃത്വം കൊണ്ടുണ്ടായതാണ്. മഹാനായ പൂക്കോയ തങ്ങൾ മുതലിങ്ങോട്ടുള്ള ആ കുടംബത്തിലെ എല്ലാവരും ജാതിയോ മതമോ വിശ്വാസമോ നോക്കാതെ എല്ലാ മനുഷ്യരെയും ചേർത്ത് നിർത്താനും അവരുടെ വേദനകളിലും വിഷമങ്ങളിലും പങ്കുകൊള്ളാനും ബദ്ധശ്രദ്ധരായിരുന്നു. മനുഷ്യരെ സ്‌നേഹിക്കുന്നതാണ് മതവിശ്വാസത്തിന്റെ കാതൽ എന്ന് അവർ സ്വന്തം ജീവിതംകൊണ്ട് കാണിച്ചുതന്നു.
വ്യക്തി ജീവിതത്തിൽ ഇത്രകണ്ട് ലാളിത്യവും ആദർശശുദ്ധിയും സഹജീവിസ്‌നേഹവും പുലർത്താൻ അദ്ദേഹത്തെപ്പോലെ അധികം പേർക്ക് കഴിഞ്ഞിട്ടില്ല. ആ മഹാനുഭാവന്റെ ഓർമകൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു.