
ആറ്റിങ്ങൽ: മാനസികാസ്വാസ്ഥ്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ ഇടവ സ്വദേശി രവിചന്ദ്രന് (60) ആറ്റിങ്ങൽ ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 2017 ഒക്ടോബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. തൊട്ടടുത്ത കടയിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. വിവരം പെൺകുട്ടി മാതാവിനോട് പറയുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. കുട്ടി മരിച്ചതിനാൽ ചികിത്സിച്ചത് സംബന്ധിച്ച മെഡിക്കൽ രേഖകളും മറ്റു സാക്ഷിമൊഴികളും പരിഗണിച്ച കോടതി പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയോട് അതിക്രമം കാണിച്ച കുറ്റത്തിന് 10 വർഷം കഠിനതടവും 50,000 രൂപ പിഴശിക്ഷയും പിഴത്തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരുവർഷം കഠിനതടവും അനുഭവിക്കണം. പിഴത്തുകയിൽ 25,000 രൂപ പെൺകുട്ടിയുടെ മാതാവിന് നൽകണമെന്നാണ് നിർദ്ദേശം. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രത്യേകം പത്ത് വർഷം കഠിനതടവിനും 50,000 രൂപ പിഴ ശിക്ഷയും വിധിച്ചു.
കുറ്റകരമായ ഭീഷണിപ്പെടുത്തലിന് അഞ്ചുമാസം കഠിനതടവും വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷാ ഇളവ് ലഭിക്കുമെന്നും വിധി ന്യായത്തിൽ പറയുന്നു. അയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത് എസ്.ഐയായിരുന്ന പി.വി. രമേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്‌തരിച്ചു. പ്രോസീക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹസിൻ ഹാജരായി.