
കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. സമുദായത്തെയും രാഷ്ട്രീയത്തെയും ഒരുപോലെ നയിച്ച, സമുദായാചാര്യനാണെങ്കിലും എല്ലാ സമുദായങ്ങളുടെയും ആദരം നേടിയ, ദേശീയ, സംസ്ഥാന താത്പര്യങ്ങൾ സംരക്ഷിച്ച, ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച നേതാവ്.
പാണക്കാട് കുടുംബത്തിൽ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങൾ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേർത്തുപിടിച്ചു. അതുകൊണ്ടാണ് പല റോളുകളിൽ അനായാസം പകർന്നാടാൻ കഴിഞ്ഞത്. ബാബറി മസ്ജിദ് തകർന്നു വീണപ്പോൾ കേരളത്തിൽ ഒരില പോലും അനങ്ങാതിരുന്നതിൽ തങ്ങൾ സഹോദരന്മാർ വഹിച്ച പങ്ക് കേരളം ഒരിക്കലും മറക്കില്ല.. നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹം യു.ഡി.എഫിന്റെ ശക്തിസ്രോതസും മാർഗദർശിയുമായിരുന്നു.
സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന ഒരു വാക്കോ, പ്രവൃത്തിയോ ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് ഉണ്ടായിട്ടില്ല. മറിച്ച് വിള്ളലുകളെ ഇണക്കിച്ചേർക്കാനും മുറിവുകളെ ഉണക്കാനുമാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞു വച്ചത്. രാജ്യം വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുകയും വിഭാഗീയത മൂർദ്ധന്യത്തിലെത്തുകയും ചെയ്ത ഈ കാലഘട്ടത്തിൽ മുറിവുണക്കാനും സാന്ത്വനം പകരാനും കഴിവുള്ളവരെയാണ് നമുക്കാവശ്യം. അപൂർവമായ അത്തരക്കാർ കൊഴിഞ്ഞുപോകുമ്പോൾ, ഇനി എവിടെ നിന്നാണ് സാന്ത്വനവും ആശ്വാസവും കടന്നു വരുകയെന്നറിയില്ല.
രാഷ്ട്രീയ ചർച്ചകൾക്കും പരിഹാരനിർദേശങ്ങൾക്കുമായി നേതാക്കൾ കൊടപ്പനയ്ക്കൽ തറവാട്ടിലേക്ക് പോകാറുണ്ട്. അവിടെ ചെറുപുഞ്ചിരിയുമായി, ഹൈദരലി തങ്ങൾ ഇനിയില്ല.സാധരണക്കാരും പാവപ്പെട്ടവരുമായ അനേകായിരങ്ങൾ സഹായം
തേടിയെത്തുന്ന സ്ഥലം കൂടിയാണ് കൊടപ്പനയ്ക്കൽ.
ഹൈദരലി ശിഹാബ് തങ്ങൾ മുസ്ലീംലീഗ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കഴിഞ്ഞ 12 വർഷം കേരള രാഷ്ട്രീയം സംഭവബഹുലമായിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്ന കാലഘട്ടത്തിൽ പല രാഷ്ട്രീയ അഗ്‌നിപരീക്ഷണങ്ങളിലും ഹൈദരലി തങ്ങളുടെ മാർഗ നിർദ്ദേശങ്ങൾ സഹായകരമായിട്ടുണ്ട്. വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായ അദ്ദേഹം എനിക്ക് സഹോദര തുല്യനായിരുന്നു. ഏതു സമയത്തും കൊടപ്പനയ്ക്കലിലേക്ക് കടന്നുചെല്ലാനും ഏതു വിഷയവും സംസാരിക്കാനുള്ള ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. മതേതരത്വത്തിന്റെ കാവൽ ഭടന്, യു.ഡി.എഫിന്റെ ശക്തിസ്രോതസിന് പ്രണാമം.