
മുടപുരം: ആയിരക്കണക്കിന് ഭക്തജനങ്ങൾ തെങ്ങുംവിള അമ്മയ്ക്ക് അശ്വതി പൊങ്കാല അർപ്പിച്ചു. ക്ഷേത്ര മേൽശാന്തി മനോജ് നമ്പൂതിരി പണ്ടാര അടുപ്പിൽ തീ പകർന്നു. ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് പണ്ടാര അടുപ്പ് ഒരുക്കിയത്.
തുടർന്ന് പണ്ടാര അടുപ്പിൽ നിന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് തീ പകർന്നു. പൊങ്കാല നിവേദ്യം സമർപ്പിക്കാൻ എത്തിയവർക്ക് ലഘുഭക്ഷണവും പാനീയവും ഭക്തരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മുടപുരം, മുട്ടപ്പലം, കൊച്ചാലുംമൂട് ജംഗ്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഓട്ടോ ഡ്രൈവർമാർ പൊങ്കാല ഇടാൻ വന്നവർക്ക് സൗജന്യ യാത്രയും ഒരുക്കിയിരുന്നു.
മുടപുരം കാട്ടുമുറാക്കൽ ജമാഅത്തിന്റെയും സേവാ ഭാരതിയുടെയും ആംബുലൻസ് ക്ഷേത്രത്തിൽ സൗജന്യ സേവനം ഒരുക്കിയിരുന്നു.
ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ഭരണി മഹോത്സവമാണ്. രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. 7.30ന് എഴുന്നള്ളത്ത് ആരംഭിക്കും. വിവിധ കരകളിലൂടെ സഞ്ചരിച്ച് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിയ ശേഷം വൈകിട്ട് 3ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗരുഢൻതൂക്കം, കുത്തിയോട്ടം എന്നിവ ആരംഭിക്കും. വൈകിട്ട് 4ന് ശിങ്കാരിമേളം, രാത്രി 10ന് ഗാനമേള, 11ന് ചമയവിളക്ക് തുടർന്ന് കൊടിയിറക്ക്, വലിയകാണിക്ക, ആചാരവെടിക്കെട്ട്. ചൊവ്വാഴ്ച രാത്രി 7.30 ന് ഗുരുസി.
ഉത്സവത്തോടനുബന്ധിച്ച് 8 കരകളിൽ നിന്നുമുള്ള ഉരുൾ
ഘോഷയാത്രകൾ പുലർച്ചെ 3ന് ക്ഷേത്ര പറമ്പിൽ സംഗമിച്ചു. ഉരുൾ വ്രതക്കാർക്കൊപ്പം വിവിധ വാദ്യമേളങ്ങൾ, നാടൻകലാരൂപങ്ങൾ, താലപ്പൊലി, തെയ്യം തുടങ്ങിയവയും ഒരുക്കിയിരുന്നു.