
നെയ്യാറ്റിൻകര: റോഡിന്റെ കരയിടിഞ്ഞ് നെയ്യാറിലേക്ക് മറിഞ്ഞ് 6 മാസത്തോളമായിട്ടും നവീകരണം തുടങ്ങാൻ അധികൃതർക്കായില്ല. അരുവിപ്പുറം - പാഞ്ചിക്കാട് റോഡിലൂടെ ജനങ്ങളുടെ അപകടയാത്ര. റോഡിന്റെ അറ്റകുറ്റപ്പണി ഇനിയും തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ഒക്ടോബറിലാണ് കനത്ത മഴയിൽ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് നെയ്യാറിലേക്ക് മറിഞ്ഞത്. അതിന് തൊട്ടുമുൻപ് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് നെയ്യാറിലേക്ക് പതിച്ചിരുന്നു. തുടർന്ന് കുടിവെള്ള പൈപ്പ് ലൈനുകളെല്ലാം പൊട്ടി പ്രദേശത്തെ കുടിവെള്ള വിതരണവും തടസപ്പെട്ടിരുന്നു. തുടർന്നുണ്ടായ മഴയിലാണ് റോഡിന്റെ പകുതിയോളം തകർന്നത്. അരുവിപ്പുറം ക്ഷേത്രം വഴി നെയ്യാറ്റിൻകരയ്ക്കും തിരിച്ചും എത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. നെയ്യാറിന് സമാന്തരമായിട്ടാണ് അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് പാഞ്ചിക്കാട്, അറകുന്ന് കടവ് പാലം വഴി നെയ്യാറ്റിൻകരയിലേക്കുള്ള ഈ റോഡുള്ളത്.
റോഡ് തകർച്ച പതിവ്
നിരന്തരമായ പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് 4 വർഷം മുമ്പാണ് രണ്ടരക്കോടി രൂപ ചെലവിൽ അരുവിപ്പുറം - പാഞ്ചിക്കാട് റോഡ് യാഥാർത്ഥ്യമാക്കിയത്. ജലമൂറ്റ് കൂടുതലുള്ള പ്രദേശമായതിനാൽ പ്രത്യേക ഘടനയനുസരിച്ചേ ഇവിടെ റോഡ് നിർമ്മാണം സാധ്യമാകൂവെന്ന് പ്രദേശവാസികളടക്കമുള്ളവർ അഭിപ്രായപ്പെട്ടെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയായിരുന്നു റോഡ് നിർമ്മാണം. നെയ്യാറിൽ വെള്ളം പൊങ്ങുന്നതിനനുസരിച്ച് റോഡിന്റെ വശങ്ങൾ തകരുന്നത് ഇവിടെ പതിവാണ്.
പ്രദേശത്തിന്റെ ഘടനയ്ക്ക് വിരുദ്ധമായുള്ള നിർമ്മാണ പ്രവർത്തനമാണ് റോഡ് ഇത്തരത്തിൽ പെട്ടെന്ന് തകരാനിടയാക്കിയതെന്നും നിർമ്മാണത്തിലെ അപാകത തുടക്കത്തിലേ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ മുഖവിലയ്ക്കെടുത്തില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
അറ്റകുറ്റപ്പണിയും ഇല്ല
പാർശ്വഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും റോഡിന്റെ ഒരു വശത്ത് കൂടെ ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങൾ സഞ്ചരിക്കാറുണ്ട്. പക്ഷേ ഇത് അപകടഭീഷണിയുയർത്തുന്നതായാണ് പ്രദേശവാസികളുടെ അഭിപ്രായം. ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് അരുവിപ്പുറത്തെത്തുന്ന തീർത്ഥാടകർക്കായി 2 മാസം മുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും യാഥാർത്ഥമായില്ല. അടുത്ത മഴക്കാലത്തിന് മുമ്പായെങ്കിലും റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.