thangal

തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം മൂല്യാധിഷ്‌ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്‌ടമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ അനുസ്‌മരിച്ചു. മതേതര മുഖമായിരുന്നു തങ്ങളുടേത്. നിരാലംബരോട് തങ്ങൾ കാണിച്ച കാരുണ്യവും സ്‌നേഹവും അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സവിശേഷത തുറന്നുകാട്ടുന്നതാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന് ഒരു പോറൽപോലും ഏൽക്കാതിരുന്നതിൽ ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടുന്ന പാണക്കാട് തറവാടിന്റെ പങ്ക് വളരെ വലുതാണ്.

ആത്മസംയമനത്തിന്റെ ആൾരൂപമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കെ.മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും യു.ഡി.എഫിനും തീരാനഷ്ടമെന്ന് കൺവീനർ എം.എം. ഹസൻ പറഞ്ഞു. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ച നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌‌ല്യാർ അനുസ്മരിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, ഡോ. എം. പി അബ്ദുസ്സമദ് സമദാനി, ഫസൽ ഗഫൂർ തുടങ്ങിയവരും അനുശോചിച്ചു.