p

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാജോർജ് അദ്ധ്യക്ഷത വഹിക്കും. വിവാഹ പൂർവ കൗൺസലിംഗ് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം പ്രകാശനം ചെയ്യും. അട്ടപ്പാടിയിലെ പെൻട്രിക കൂട്ട പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി ആർ.ബിന്ദു നടത്തും. പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലന പദ്ധതി 'ധീര"യുടെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 2021ലെ വനിതാരത്ന പുരസ്‌കാരവും

സ്തുത്യർഹസേവനം കാഴ്ചവച്ച അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാംഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്കുളള അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

തുടർന്ന് സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട വീഡിയോ ലോഞ്ച്, ചലച്ചിത്ര പിന്നണി ഗായിക സയനോര നയിക്കുന്ന സംഗീതപരിപാടി, ജീവനക്കാർ അവതരിപ്പിക്കുന്ന നാടകം എന്നിവ കൂടാതെ രാത്രി 10ന് കനകക്കുന്നിൽ നിന്ന് ആരംഭിച്ച് ഗാന്ധിപാർക്ക് വരെ രാത്രി നടത്തവും സംഘടിപ്പിക്കും. 11ന് ഗാന്ധിപാർക്ക് മൈതാനത്ത് നടക്കുന്ന സമ്മേളനത്തോടെ പരിപാടി അവസാനിക്കും.