p

കടയ്ക്കാവൂർ: തീരദേശത്ത് 50മീറ്റർ പരിധിക്കുള്ളിൽ അധിവസിക്കുന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനുള്ള പുനർഗേഹം പദ്ധതി പ്രകാരം സംസ്ഥാനത്ത് പണി പൂർത്തിയായ 257 വീടുകളുടെ സംസ്ഥാന തല താക്കോൽ ദാനം 8ന് വൈകിട്ട് 4ന് കായിക്കര ആശാൻ സ്മാരക ഓപ്പൺ എയർ ഓഡിറ്ററിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വാർത്താസമ്മേളനത്തിൽ വി. ശശി എം.എൽ.എ പറഞ്ഞു. 2450 കോടി രൂപയുടെ ബൃഹത് പദ്ധതിയാണ് പുനർഗേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 1398 കോടി രൂപയും ബാക്കി തുക ഫിഷറീസ് വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്. ആകെ 18685 കുടുംബങ്ങളിൽ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 പേരെ വീതവും പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുനരധിവാസത്തിനായി വ്യക്തിഗത ഭവന നിർമ്മാണം, ഭവന സമുച്ചയം നിർമ്മാണം എന്നീ രീതികളാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിക്കുന്ന കൊല്ലം ക്യു.എസ്.എസ് കോളനിയിലെ 114 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറൽ, 689 വ്യക്തിഗത ഭവനങ്ങളുടെ താക്കോൽ കൈമാറൽ, 532 ഫ്ലാറ്റുകളുടെ നിർമ്മാണോദ്ഘാടനം എന്നിവ നിർവഹിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്തംഗം ആർ. സുഭാഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീന സുകുമാർ, പുനർഗേഹം സ്റ്റേറ്റ് കോ - ഓർഡിനേറ്റർ രാജീവ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു, മീഡിയാ കമ്മിറ്റി ചെയർമാൻ പ്രവീൺ ചന്ദ്ര, വാർഡ് മെമ്പർ സജി സുന്ദർ തുടങ്ങിയവർ പങ്കെടുത്തു.