
വർക്കല: ട്രെയിനിൽ നിന്ന് ഇറങ്ങവെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലൂടെ ട്രാക്കിലേക്ക് വീണ നാല് വയസുകാരിയെ റെയിൽവേ പൊലീസും ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. മധുരയിൽ നിന്ന് വർക്കലയിൽ വിനോദസഞ്ചാരത്തിനായി എത്തിയ സെൽവകുമാറിന്റെയും രേമുഖിയുടെയും മകൾ റിയശ്രീക്കാണ് റെയിൽവേ പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്.
മധുര പുനലൂർ പാസഞ്ചർ ട്രെയിനിൽ നിന്ന് വർക്കല സ്റ്റേഷനിൽ ഇറങ്ങവെയാണ് റിയശ്രീ ട്രാക്കിലേക്ക് വീണത്. പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, ഷാൻ.എം.എസ്, സ്റ്റേഷൻ മാനേജർ ശിവാനന്ദൻ, സ്റ്റാഫ് ആതിര എന്നിവർ ചേർന്നാണ് കുട്ടിയെ രക്ഷിച്ചത്. നിസാര പരിക്കേറ്റ കുട്ടിയെ ഉടൻ ഹോസ്‌പിറ്റലിൽ എത്തിച്ചു.