tt

2000 ചതുരശ്ര അടി മുതൽ ബാധകം

കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്‌കരിക്കും

തിരുവനന്തപുരം: രണ്ടായിരം ചതുരശ്ര അടിയിൽ കൂടുതലുള്ള വീട് നിർമ്മിക്കുന്നവർ ശ്രദ്ധിക്കുക - പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിക്കണം. ഈ വ്യവസ്ഥ ചേർത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കും.

വളരെ കുറച്ച് ഭൂമിയിൽ ചെറിയ വീടോ കെട്ടിടമോ നിർമ്മിക്കുന്നവർക്ക് ഇത് ബാധകമാക്കില്ല.

കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനുള്ള ചട്ടങ്ങളിൽ മരം വച്ചു പിടിപ്പിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനത്തെ ആധാരമാക്കി ഭേദഗതികളോടെയാകും സംസ്ഥാന നിയമം പരിഷ്‌കരിക്കുക. ഇതിനായി ഭവന, വനം, പരിസ്ഥിതി, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരുമെന്ന് ഭവന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
5000 ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണമുള്ള വീടുകളോ വാണിജ്യ കെട്ടിടങ്ങളോ നിർമ്മിക്കുമ്പോൾ വളപ്പിൽ 10 ശതമാനം പ്രദേശത്തെങ്കിലും മരങ്ങൾ നടണമെന്നാണ് കേന്ദ്രവിജ്ഞാപനം. അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ നടത്തുമ്പോഴും ഈ വ്യവസ്ഥ ബാധകമായിരിക്കും. സംസ്ഥാനത്ത് 2000 ചതുരശ്ര അടിക്കു താഴെ മരം വയ്ക്കണമെന്ന നിബന്ധന ഉണ്ടാകില്ലെങ്കിലും നി‌ർദ്ദേശം നൽകും.

കെട്ടിടനിർമ്മാണം സുഗമമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2021 ജനുവരിയിൽ രൂപം നൽകിയ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ അടങ്ങുന്നതാണ് കരട് വിജ്ഞാപനം ( ബിൽഡിംഗ് കൺസ്ട്രക്‌ഷൻ എൻവയോൺമെന്റ് മാനേജ്‌മെന്റ് റെഗുലേഷൻസ് 2022 )​

പ്രധാന നിർദ്ദേശങ്ങൾ

5000 ചതുര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് ഓരോ 80 അടിയിലും ഒരു മരം.

നിലവിലുള്ള മരങ്ങളും ഉൾപ്പെടുത്താം.

ഒരുദിവസത്തെ മഴ വെള്ളമെങ്കിലും ശേഖരിക്കാനുള്ള മഴ വെള്ള സംഭരണി

ശുദ്ധജലത്തിനും സംസ്‌കരിച്ച വെള്ളത്തിനും (ട്രീറ്റഡ് വാട്ടർ) വെവ്വേറെ ടാപ്പ്

കുടിക്കാനും കുളിക്കാനും പാചകത്തിനും ശുദ്ധജലം

ടോയ്ലെറ്റിലും മറ്റാവശ്യങ്ങൾക്കും സംസ്കരിച്ച വെള്ളം

നീർത്തടങ്ങളിലും ജലാശയങ്ങളിലും നിർമ്മാണം അനുവദിക്കില്ല.

നിർമ്മാണത്തിന് ഭൂഗർഭജലം ഉപയോഗിക്കാൻ കേന്ദ്ര ഭൂഗർഭജല അതോറിറ്റിയുടെ അനുമതി വേണം.

നിർമ്മാണത്തിലെ പൊടി, പുക, വായുമലിനീകരണം തടയാൻ സ്‌ക്രീൻ കവർ

''പുതിയ നിയമം നടപ്പാക്കുമ്പോൾ വൃക്ഷത്തൈകൾ വനം വകുപ്പ് ലഭ്യമാക്കും. കെട്ടിടം നിർമ്മിക്കുമ്പോൾ മുറിക്കുന്ന മരങ്ങൾക്ക് പകരം മരംവച്ചു പിടിപ്പിക്കണമെന്ന നിബന്ധന നിലവിലുണ്ട്''

- എ.കെ. ശശീന്ദ്രൻ, വനംമന്ത്രി