asha-worker

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ അദ്ധ്യക്ഷ പദവിയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും വഹിക്കുന്ന ആശാപ്രവർത്തകർ അവധിയിൽ പ്രവേശിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തദ്ദേശവകുപ്പുമായി ആലോചിക്കാതെ. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ തീരുമാനമെടുത്തതോടെ താഴെത്തട്ടിലെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിലായി. തദ്ദേശസ്ഥാപനങ്ങളിൽ അദ്ധ്യക്ഷസ്ഥാനം മുഴുവൻസമയ ചുമതലയായതിനാൽ ആ പദവിയിലെത്തുന്നവർ ഭൂരിഭാഗവും അവധിയെടുക്കാറുണ്ട്. എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷസ്ഥാനം മുഴുവൻ സമയ ചുമതലയല്ലാത്തതിനാൽ അവധി വേണ്ടെന്ന നിലപാടിലാണ് തദ്ദേശവകുപ്പ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ രത്തൽ ഖേൽക്കർ നവംബറിലാണ് ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർമാർക്ക് അവധി സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതോടെ, ഡിസംബർ മുതലുള്ള ഓണറേറിയം അനുവദിക്കാൻ മെഡിക്കൽ ഓഫീസർമാർ വിസമ്മതിച്ചെങ്കിലും തദ്ദേശവകുപ്പിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിക്കാത്തതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ മെഡിക്കൽ ഓഫീസർമാരുടെ നടപടി അംഗീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ നടപടി പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ആശുപത്രികളിൽ ഉപദേശക സമിതികൾ ചേർന്ന് ഉത്തരവ് അംഗീകരിക്കണ്ടെന്ന് തീരുമാനിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ധ്യക്ഷ സ്ഥാനത്തും സ്റ്റാൻഡിംഗ് കമ്മിറ്റി തലപ്പത്തും എത്തിയത് 162 ആശാപ്രവർത്തകരാണ്. 39 പേർ അദ്ധ്യക്ഷരായും 123 പേർ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായും പ്രവർത്തിക്കുന്നു.. കൂടുതൽ പേർ മലപ്പുറത്തും കുറവ് ഇടുക്കിയിലുമാണ്.

തദ്ദേശ ചുമതലയുള്ള

ആശാപ്രവർത്തകർ

തിരുവനന്തപുരം 17, കൊല്ലം 6, പത്തനംത്തിട്ട 4, ആലപ്പുഴ 12, കോട്ടയം 8, എറണാകുളം 18, ഇടുക്കി 1,

തൃശൂർ 11, പാലക്കാട് 21, മലപ്പുറം 41,കോഴിക്കോട് 10, വയനാട് 4, കണ്ണൂർ 6, കാസർകോട് 3

' ഇതു സംബന്ധിച്ച ചർച്ചകൾ നടക്കേണ്ടതുണ്ട്. പരാതികൾ പരിശോധിച്ച് പ്രശ്നം പരിഹരിക്കും.

എം.വി. ഗോവിന്ദൻ,​

തദ്ദേശവകുപ്പ് മന്ത്രി