thangal

വി.ഡി.സതീശൻ

(പ്രതിപക്ഷ നേതാവ്)

കേരളത്തിലെ ജനാധിപത്യ മതേതര മനസുകളെ വേദനിപ്പിക്കുന്ന വിയോഗമാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടേത്. യു.ഡി.എഫ് തറവാട്ടിലെ കാരണവർ മുന്നണിയെ ഒറ്റക്കെട്ടായി മുന്നിൽനിന്ന് നയിച്ചു. മൃദുഭാഷിയായിരുന്നെങ്കിലും നിലപാടുകളിൽ കാർക്കശ്യക്കാരനായിരുന്നു. എന്നും മത സാഹോദര്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി പ്രവർത്തിച്ചു. ഫാസിസ്റ്റ് ശക്തികളും വിഭാഗീയതയും രാജ്യത്തെ പിന്നോട്ട് വലിക്കുന്ന ഈ കാലത്ത് ശരിയ്‌ക്കൊപ്പം നിന്ന ഈ വലിയ മനുഷ്യന്റെ വിയോഗം തീരാനഷ്ടമാണ്.

യു.ഡി.എഫ് ശക്തിപ്പെടുത്താനാണ് എല്ലാക്കാലത്തും ലീഗ് ശ്രമിച്ചിട്ടുള്ളത്. ലീഗ് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന 12 വർഷവും അദ്ദേഹത്തിന് ഇതേ നിലപാടായിരുന്നു. രാഷ്ട്രീയത്തിനൊപ്പം മത സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന വ്യക്തിയാണെങ്കിലും മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തിയിരുന്നില്ല. അതേസമയം, മതത്തിലെ നല്ല വശങ്ങൾ രാഷ്ട്രീയത്തിലും പ്രയോജനപ്പെടുത്തുമെന്നും അത് അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നുമുള്ള നിർബന്ധം കണിശതയോടെ പാലിക്കാനുമായി.

ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിനും അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശ്രദ്ധവച്ചു. പ്രവർത്തന ശൈലിയിലും പ്രസംഗത്തിലുമൊക്കെ തന്റേതായ ഒരു കൈയ്യൊപ്പ് തങ്ങൾക്കുണ്ടായിരുന്നു. പറയാനുള്ളതെല്ലാം സൗമ്യതയോടെയും കണിശതയോടെയും പറയും. ജീവിതത്തിലെ എന്തു പ്രതിസന്ധിയിലും പലർക്കും അത്താണിയും അവസാനവാക്കുമായിരുന്നു. മതത്തിനതീതമാണ് മുസ്ലിംലീഗിന്റെ റിലീഫ് പ്രവർത്തനമെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. നോമ്പ്കാലത്ത് പൂർണമായും റിലീഫ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിർദ്ദേശമാണ് പാർട്ടി പ്രവർത്തകർക്ക് നൽകിയിരുന്നതും. സമുദായത്തിനും ഐക്യമുന്നണിക്കും പൊതുസമൂഹത്തിനും ഈ വിയോഗം വലിയൊരു നഷ്ടമാണ്.

വ്യക്തിപരമായി എനിക്കുണ്ടാക്കിയ നഷ്ടവും ഏറെ വലുതാണ്.ഗുരുസ്ഥാനീയനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് പ്രണാമം.