തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയുള്ള ആദ്യ റീച്ചിലേക്കാവാശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം താലൂക്കിലെ ശാസ്തമംഗലം, വട്ടിയൂർക്കാവ്, പേരൂർക്കട വില്ലേജുകളിൽ നിന്നായി 273.59 ആർ ഭൂമിയാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കിഫ്ബി യൂണിറ്റ് ഒന്നിലെ എൽ.എ സ്‌പെഷ്യൽ തഹസിൽദാരെ രേഖാമൂലം അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് wwwt.rivandrum.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. രണ്ടും മൂന്നും റീച്ചുകളുടെ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മണ്ണറക്കോണം - പേരൂർക്കട, മണ്ണറക്കോണം - വഴയില എന്നിവയാണ് രണ്ടും മൂന്നും റീച്ചുകൾ.

കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്.പി.വികൾ. ശാസ്തമംഗലം-വട്ടിയൂർക്കാവ്‌-പേരൂർക്കട റോഡ് 3 റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. വികസനത്തിന്റെ ഭാഗമായി 570 ൽ പരം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 200 വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഒരുക്കേണ്ടിവരും. ഇതിലേക്കായി മൂന്ന് ഏക്കറോളം വസ്തുവാണ് ഏറ്റെടുക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിനായി 95 കോടി രൂപയും റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി 219.75 കോടി രൂപയും കെ.ആർ.എഫ്.ബിക്ക് അനുവദിച്ചിട്ടുണ്ട്. റീഹാബിലിറ്റേഷന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി ട്രിഡയ്ക്ക് 27.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്.