കടയ്ക്കാവൂർ: വിളബ്ഭാഗം ഷാപ്പ്മുക്ക് മുതൽ പ്ലാവഴികം വരെയുള്ള റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നതായി പരാതി. റോഡിന് ഇരുവശവും സ്വകാര്യവ്യക്തികൾ കൈയേറി മതിൽ കെട്ടുകയും കല്ലുകൾ നിരത്തുകയും ചെടികൾ വച്ചുപിടിപ്പിക്കുന്നതും മൂലമുള്ള റോഡിന്റെ സ്ഥലപരിമിതിയാണ് അപകടങ്ങൾക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. കൂടാതെ റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളും റോഡ് സൈഡിലാണ് പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നു.
ബൈക്കുകളുടെ അമിതവേഗതയാണ് മറ്റൊരു പ്രധാന വിഷയം. അടുത്തകാലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു. വീതി കുറഞ്ഞതും ഗതാഗത തിരക്കുമുള്ള ഈ റോഡിൽ അമിതവേഗതയിൽ വരുന്ന ബൈക്കുകൾ കാൽനടയാത്രക്കാരെ അപകടത്തിലാക്കുന്നത് സ്ഥിരം സംഭവമാണ്.
ദിവസങ്ങൾക്ക് മുൻപ് അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് തെറിപ്പിച്ച് വിളബ്ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ കാൽ ഒടിഞ്ഞുതൂങ്ങിയിരുന്നു. റോഡിന് ഒരു വശത്ത് അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന ഓടയും അപകടക്കെണിയാകാറുണ്ട്. കാൽനടയാത്രക്കാർക്ക് നടപ്പാതയില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
അപകടങ്ങളും കുറ്റകൃത്യങ്ങളും തടയാനും റോഡിലെ ഗതാഗതം സുഗമമാക്കാനും അധികൃതരുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.