തിരുവനന്തപുരം: ഗായത്രിയും പ്രവീണും ഇതേ ഹോട്ടലിൽ കഴിഞ്ഞ 18നും റൂമെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. ഹോട്ടലുകാരെ വിശദമായി ചോദ്യം ചെയ്‌തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അതേസമയം യുവതിയുടെ മരണമറിഞ്ഞ് രാവിലെ മുതൽ തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ഹോട്ടലിന് മുമ്പിൽ ജനം തടിച്ചുകൂടിയതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. പിന്നീട് പൊലീസ് ഇടപെട്ട് തടിച്ചുകൂടിയവരെ പിരിച്ചുവിടുകയായിരുന്നു.
ഉച്ചയോടെ ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ ഹോട്ടലിലെത്തി തെളിവുകൾ ശേഖരിച്ചു. ഡി.സി.പി അങ്കിത് അശോകൻ, കമ്മിഷണർ സ്‌പർജൻ കുമാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തി അന്വേഷണം ഏകോപിപ്പിച്ചു. ഇതിനിടെ പ്രവീൺ ഗായത്രിയെ പള്ളിയിൽവച്ച് മിന്നുകെട്ടുന്നതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഫോട്ടോയുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റംലഭിച്ച പ്രവീൺ അവിടേക്ക് പോകുന്നതിന് മുന്നോടിയായാണ് ഗായത്രിയുമായി കണ്ടുമുട്ടിയതെന്നാണ് സൂചന. ഇന്നലെ പ്രവീണുമായി നിൽക്കുന്ന ചിത്രങ്ങൾ ഗായത്രി വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നതായി സുഹൃത്തുക്കളും പറഞ്ഞു.