congress

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന തർക്കപരിഹാരത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് നടത്താനിരുന്ന രണ്ടാം ഘട്ട ഒത്തുതീർപ്പ് ചർച്ച നാളത്തേക്ക് മാറ്റി. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടർന്നാണിത്. രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽലും മലപ്പുറത്തും എത്തുന്നുമുണ്ട്.

ഭാരവാഹികളുടെ എണ്ണത്തിൽ ചെറിയ വർദ്ധന വരുത്തി പരാതിക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇരു നേതാക്കളും നടത്തുന്നത്. എന്നാൽ ഇപ്പോഴും ചില കേന്ദ്രങ്ങളിൽ നിന്ന് ദേശീയ നേതൃത്വത്തിന് പരാതി പോകുന്നുണ്ടെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച കാസർകോട്, വയനാട് ,കണ്ണൂർ ജില്ലകളിലെ നടപടികൾ മാത്രമാണ് തീർക്കാനായത്.

ബ്ലോക്ക് പ്രസിഡന്റുമാരിൽ ഇപ്പോൾ മുൻതൂക്കം എ ഗ്രൂപ്പിനാണ്. ചെറിയ വിട്ടുവീഴ്ച ചെയ്യാൻ അവർ തയ്യാറാണെങ്കിലും വലിയ വെട്ടിനിരത്തലുണ്ടായാൽ എതിർക്കാനാണ് അവരുടെ നീക്കം. ഐ ഗ്രൂപ്പിൽ വീണ്ടും ചെറുഗ്രൂപ്പുകളുണ്ടായതിനാൽ അവരുടെ പ്രശ്നപരിഹാരമാവും നേതാക്കളെ വിഷമത്തിലാക്കുക.

കെ. പി.സി.സി അദ്ധ്യക്ഷൻ തയാറാക്കിയ കരടു പട്ടികയിൽ സംഘടനയ്ക്ക് നിരക്കാത്ത

കൃത്യങ്ങളിൽപ്പെട്ടവരുണ്ടെന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നു.