തിരുവനന്തപുരം: തിരുവനന്തപുരത്തെ പള്ളിയിൽ വച്ച് പ്രവീൺ ഗായത്രിയെ വിവാഹം കഴിക്കുന്നത് ഒരു വർഷം മുൻപെന്ന് സൂചന. ജുവലറിയിലെ ഡ്രൈവറായിരുന്ന പ്രവീണും റിസപ്ഷനിസ്റ്റായിരുന്ന ഗായത്രിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണ് പ്രണയത്തിലും തുടർന്ന് വിവാഹത്തിലുമെത്തിയത്.
എന്നാൽ ഇരുവരും വിവാഹക്കാര്യം മറച്ചുവച്ചു. പിന്നീട് ഇക്കാര്യമറിഞ്ഞ പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും, ഗായത്രിയുടെ വീട്ടുകാരെയും ജുവലറി അധികൃതരെയും വിവരം അറിയിച്ച് പ്രശ്നമുണ്ടാക്കി. തുടർന്നാണ് ഗായത്രിക്ക് ജോലി നഷ്ടപ്പെട്ടത്. പിന്നീട് ഗായത്രി വീടിനടുത്തുള്ള ജിംനേഷ്യത്തിൽ പരിശീലകയായി.
എന്നാൽ ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. അവധി ദിവസങ്ങളിൽ പ്രവീൺ പരവൂരിലെ വീട്ടിൽ പോകാതെ തിരുവനന്തപുരത്ത് തങ്ങുമായിരുന്നു. ഇക്കാര്യത്തിൽ പ്രവീണിന്റെ ബന്ധുക്കൾ ജുവലറിയിലെത്തി പരാതി പറഞ്ഞതിനെ തുടർന്നാണ് ഇയാളെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റിയത്.