
തിരുവനന്തപുരം: യു.കെ.യിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളി വിദ്യാർത്ഥിയായ നിതിൻ രാജിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എം.എസ്‌സി വിദ്യാർത്ഥിയാണ്. കേംബ്രിഡ്‌ജ്, ചെംസ്‌ഫോർഡ്, പീറ്റർബറോ, ലണ്ടൻ എന്നിവിടങ്ങളിലെ കാമ്പസുകളുള്ള ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിലെ 35, 000 വിദ്യാർത്ഥികളെയാണ് നിതിൻരാജ് പ്രതിനിധീകരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ച് മലയാളികൾ ഉൾപ്പടെ എട്ട് വിദ്യാർത്ഥികളാണ് മത്സരിച്ചത്. മലയാളി അസോസിയേഷൻ ഒഫ് യു.കെ.യിലെ സജീവ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്. കാട്ടായിക്കോണം സ്വദേശിയായ നിതിൻ എൽ.ഐ.സി റിട്ട. ബ്രാഞ്ച് മാനേജർ ജി.കെ.ശിവരാജന്റെയും പരേതയായ നിഷ ശിവരാജന്റെയും മകനാണ്. സഹോദരൻ കിരൺ രാജ് മാർക്കറ്റിംഗ് പ്രൊഫഷനായി ജോലിചെയ്യുന്നു.