തിരുവനന്തപുരം: നഗരത്തിലെ ഹോട്ടൽ മുറിയിൽ നെടുമങ്ങാട് സ്വദേശി ഗായത്രിയെ (25) കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിന്റെ അന്വേഷണം ഫോർട്ട് അസി.കമ്മിഷണർക്ക് കൈമാറും. യുവതി പട്ടികവിഭാഗത്തിൽപ്പെട്ടതായതിനാൽ എസ്.സി - എസ്.ടി ആക്ട് പ്രകാരമാണ് കേസിന്റെ അന്വേഷണം കൈമാറുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ പ്രതി പ്രവീണിനെ റിമാൻഡ് ചെയ്‌തു.
കൊലപാതകം സമ്മതിച്ച പ്രവീൺ ചോദ്യംചെയ്യലിൽ കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞതായി പൊലീസ് അറിയിച്ചു. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമായി ബന്ധപ്പെടുത്തി പ്രവീണിന്റെ മൊഴികൾ ശരിയാണോയെന്ന് പൊലീസിന് പരിശോധിക്കേണ്ടതുണ്ട്. ഇതിനായി ഫോൺകാൾ വിശദാംശങ്ങൾ, സി.സി ടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ പൊലീസ് ശേഖരിച്ചുതുടങ്ങി.
സംഭവ ദിവസം നെടുമങ്ങാട് നിന്ന് ഗായത്രിയെ നഗരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന വഴിയിലെ സി.സി ടിവി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിലും കൊലനടന്ന നഗരത്തിലെ ഹോട്ടലിലും തെളിവെടുക്കേണ്ടതുണ്ട്.
ഗായത്രിയെ നഗരത്തിലെത്തിക്കാൻ ഉപയോഗിച്ച ബൈക്കും കണ്ടെത്തണം. ഇത്തരം കാര്യങ്ങൾക്കായി പ്രവീണിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേസ് അന്വേഷണം ഏറ്റെടുത്ത ഫോർട്ട് അസി.കമ്മിഷണർ ഷാജി ഇന്ന് കോടതിയിൽ അപേക്ഷ നൽകും.