hh


നടൻ സൂര്യ ഇന്ന് കൊച്ചിയിൽ എത്തുന്നു. സൂര്യയെ നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത എതർക്കും തുനിന്തവൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് സൂര്യ എത്തുന്നത്. ഉച്ചയ്ക്ക് 2ന് ഹോട്ടൽ ഹോളിഡേ ഇന്നിൽ നടക്കുന്ന പത്രസമ്മേളനത്തിൽ സൂര്യ പങ്കെടുക്കും.

സൂര്യയോടൊപ്പം സംവിധായകൻ പാണ്ഡിരാജ് ചിത്രത്തിലെ മറ്റു താരങ്ങളായ സൂരി, സത്യരാജ്, എന്നിവരും പങ്കെടുക്കുന്നുണ്ട്.മാർച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്‌ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് എതർക്കും തുനിന്തവൻ. പ്രിയങ്ക അരുൾ മോഹനാണ് ചിത്രത്തിൽ സൂര്യയുടെ നായിക. ശരണ്യ പൊൻവർണനാണ് മറ്റൊരു പ്രധാന താരം. സൂര്യയുടെ നാല്പതാമത് ചിത്രമാണിത്. ഡി. ഇമ്മൻ സംഗീതസംവിധാനം നിർവഹിക്കുന്നു. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ അഞ്ചു ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. രണ്ടുവർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന സൂര്യചിത്രം കൂടിയാണ് എതർക്കും തുനിന്തവൻ.

ഒ.ടി.ടി റിലീസായി എത്തിയ സുരരൈ പോട്ര്, ജയ്ഭീം എന്നീ ചിത്രങ്ങൾ നടൻ എന്ന നിലയിൽ സൂര്യയുടെ താരമൂല്യം ഉയർത്തിയിരിക്കുകയാണ്. സൂര്യ എന്ന നടന്റെ പ്രകടനമാണ് ഇരു സിനിമകളിലെയും സവിശേഷത. തമിഴകത്ത് മാസ് മസാല സിനിമകളിലേക്ക് മാത്രം ഒതുങ്ങാത്ത നടനാണ് സൂര്യ. മറ്റു തമിഴ് താരങ്ങളിൽ നിന്ന് ഇക്കാര്യത്തിൽ വ്യത്യസ്തനുമാണ്. സുരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളിൽ മാസ് സീനുകൾ അധികമില്ല. സൂര്യ എന്ന നടനെ പരമാവധി ഇരുചിത്രങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. രണ്ടു ചിത്രങ്ങളിലും മസിൽ പെരുപ്പിച്ച് അടിയും ഇടിയും ശീലമാക്കിയ നായകനോ വില്ലനോയില്ല എന്നതായിരുന്നു മറ്റൊരു പ്രത്യേകത. പ്രേക്ഷകന്റെ ഹൃദയത്തെ തൊടുന്ന കഥാപാത്രമായി രണ്ടു ചിത്രങ്ങളിലും സൂര്യ എത്തി.

എന്നാൽ എതർക്കും തുനിന്തവൻ മാസ് തന്നെയാണ്. തനി നാടൻ തല്ലുമായാണ് സൂര്യ എത്തുന്നത്. തിയേറ്ററുകളെ ആഘോഷമാക്കുക എന്ന ഉദ്ദേശം കൂടിയുണ്ട്. അതിനു ആവശ്യമായ ചേരുവകൾ എല്ലാം നിറച്ചാണ് എതർക്കും തുനിന്തവൻ പാണ്ഡിരാജ് സംവിധാനം ചെയ്യുന്നത്.

ശിവകാർത്തികേയൻ ചിത്രം നമ്മ വീട്ടി പിള്ളൈയ്ക്ക് ശേഷം പാണ്ടിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതർക്കും തുനിന്തവൻ .ഇതു രണ്ടാം തവണയാണ് സൂര്യയും പാണ്ഡിരാജും ഒന്നിക്കുന്നത്.