
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ച 250 ഭവനങ്ങൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ നൽകും. മന്ത്രി സജി ചെറിയാൻ പങ്കെടുക്കും. രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങൾ കൈമാറുന്നതിന്റെ ആദ്യ ഘട്ടമാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
2020 ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം ഇതുവരെ 1109 ഗുണഭോക്താക്കൾ സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിർമിച്ചു കഴിഞ്ഞു. 1126 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. 2235 പേർ ഭൂമി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പം തിരുവനന്തപുരം കാരോട് 128,ബീമാപള്ളിയിൽ 20, മലപ്പുറത്ത് പൊന്നാനിയിൽ 128 എന്നിങ്ങനെ ഫ്ളാറ്റുകളുടെ നിർമാണവും പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. കൊല്ലം ജില്ലയിലെ ക്യു.എസ്.എസ് കോളനിയിലെ 114 ഫ്ളാറ്റുകളുടെ നിർമാണം ഈ മാസം പൂർത്തിയാകും. ഇതിനു പുറമേ 784 ഫ്ളാറ്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.