
പാലോട്: വിവാദമായ മണച്ചാല വൈഡൂര്യ ഖനനക്കേസിനെ തുടർന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റുകയും ഒരാളെ സസ്‌പെൻഡ് ചെയ്‌തതിനും പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിരപരാധികളെ വേട്ടയാടുകയാണെന്ന് പരാതി. പെരിങ്ങമ്മല ഇടിഞ്ഞാർ സി.ഐ.ടി.യു ഹെഡ്ലോഡ് യൂണിറ്റിലെ തൊഴിലാളി വില്യമിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം.
അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്ന വില്യമിനെ ശനിയാഴ്ച വൈകിട്ടോടെ നാലംഗ വനപാലകസംഘം ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കാറിൽ വച്ചും പിന്നീട് ജീപ്പിൽ കയറ്റിയും മർദ്ദിച്ചെന്നാണ് ആരോപണം. റേഞ്ച് ഓഫീസിലെത്തിച്ച് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ ശേഷം നെഞ്ചിലും മുതുകിലും മുഖത്തും മാറിമാറി അടിക്കുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പരാതി. വൈഡൂര്യ ഖനനം നടത്തിയ ആളുകളുടെ പേര് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ക്രൂര മർദ്ദനമെന്നാണ് വില്യം പറയുന്നത്. പിറ്റേദിവസം രാവിലെ അവശനിലയിലായ വില്യം പാലോട് സർക്കാർ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
രണ്ടുമാസം മുമ്പാണ് പൊന്മുടിയുടെ അടിവാരമായ ബ്രൈമൂർ മണച്ചാല വനത്തിൽ നടന്ന വൈഡൂര്യ ഖനനം പുറത്തായത്. ജനറേറ്ററും സ്‌ഫോടന സാമഗ്രികളും ഉപയോഗിച്ച് നടത്തിയ ഖനനത്തിൽ പാലോട് റേഞ്ചിലെ പെരിങ്ങമ്മല, ആനപ്പാറ സെക്ഷൻ ഓഫീസർമാർ പ്രതിക്കൂട്ടിലാണ്. ഖനന ദിവസങ്ങളിൽ സമീപത്തെ ചെക്ക്പോസ്റ്റും വിശ്രമസ്ഥലവും അടച്ചിട്ടെന്ന ഗുരുതരമായ ആരോപണമാണ് വനപാലകർ നേരിടുന്നത്.
പരമ്പരാഗത ഈറ്റ തൊഴിലാളി കുടുംബാംഗമായ വില്യത്തെ അന്യായമായി കസ്റ്റഡിയിൽവച്ച് മർദ്ദിച്ച് അവശനാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും ചുമട്ടുതൊഴിലാളികളും മനുഷ്യാവകാശ കമ്മിഷനും പട്ടികജാതി കമ്മിഷനും സങ്കട ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. പാലോട് സി.ഐ മനോജിന്റെ നേതൃത്വത്തിൽ പൊലീസ് ഇടപെട്ടാണ് പ്രവർത്തകരെ ശാന്തമാക്കിയത്. സി.ഐ.ടി.യു നേതാവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ പി.എസ്. മധു ഉപരോധം ഉദ്ഘാടനം ചെയ്‌തു. ജോർജ് ജോസഫ്, എസ്. സിയാദ്, ഇ. ജോൺകുട്ടി, എ. ഇബ്രാഹിംകുഞ്ഞ്, എച്ച്. സുദർശനൻ, എസ്. പാപ്പച്ചൻ, കബീർ, ബാലചന്ദ്രൻ, സെൽവസ്വാമി, പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.