
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെയും മടവൂർ പഞ്ചായത്തിലെയും കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുന്ന കുളം അധികൃതരുടെ അനാസ്ഥമൂലം സംരക്ഷണമില്ലാതെ നശിക്കുന്നതായി ആക്ഷേപം. നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡിൽ മുല്ലനല്ലൂർ നഗരുകാവ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിനാണ് ഈ ദുരവസ്ഥ.
2016ൽ ഈ കുളത്തിനോട് ചേർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്ന റോഡ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായാണ് സൈഡ് വാൾ കെട്ടി വെള്ളം വറ്റിച്ച് കുറച്ച് ചെളി മാറ്റി കുളം നവീകരിച്ചത്. ഇപ്പോൾ കുളത്തിന് സമീപത്തേ കൃഷി തീർത്തും ഇല്ലാതാവുകയും ചെയ്തതോടെ കുളം ഉപയോഗശൂന്യമായി മാറി. പായൽ പിടിച്ച് കൊതുകുകൾ പെരുകി കാട് പിടിച്ച് കുളം തീർത്തും മാലിന്യം നിറഞ്ഞതായിമാറി.
പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. കുളിക്കുന്നതിനും തുണി അലക്കുന്നതിനും മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായ കുളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. ഇത് പകർച്ചവ്യാധിക്ക് കാരണമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. വാർഡ് മെമ്പർ കേസിൽ കുടുങ്ങിയതും തുടർന്ന് രാജി വെച്ചതും വാർഡിൽ വികസന മുരടിപ്പിന് കാരണമായെന്നും നാട്ടുകാരുടെ പരാതികൾ ബോധിപ്പിക്കാൻ നാഥനില്ലാത്ത അവസ്ഥയാണ് മാസങ്ങളായി തുടരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. വരാനിരിക്കുന്ന വാർഡ് തിരഞ്ഞെടുപ്പിലാണ് നാട്ടുകാരുടെ പ്രതീക്ഷ.
കുളം നിർമ്മിച്ചത്
1962ൽ ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന 62 സെന്റിൽ നിന്ന് 10 സെന്റ് സ്ഥലം അന്നത്തെ നെൽകൃഷിക്കാവശ്യമായ ജലം എത്തിക്കുന്നതിന് വേണ്ടി ഇറിഗേഷൻ വകുപ്പിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് അന്ന് കിളിമാനൂർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് കുളം നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കുകയും കുളം നിർമ്മിക്കുകയും ചെയ്തു.
നവീകരിച്ചത് ഒരു തവണ മാത്രം
വലിയ കൃഷി മേഖലയായിരുന്ന മുല്ലനല്ലൂർ ഏരിയയിലെ കൃഷിക്കാരുടെ ആവശ്യപ്രകാരമാണ് അന്ന് ക്ഷേത്ര ഭാരവാഹികൾ കുളത്തിന് സ്ഥലം കൈമാറിയത്. എന്നാൾ അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു തവണ മാത്രമാണ് കുളം നവീകരിച്ചത്.