
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള ഗരുഢൻതൂക്ക വഴിപാട് നടന്നു. രണ്ട് വാക്‌സിൻ എടുത്തവരെയും 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവരെയുമാണ് തൂക്കം വഴിപാടിനായി തിരഞ്ഞെടുത്തത്. ഇക്കുറി 245 തൂക്ക വ്രതക്കാർ മൂന്ന് ദിവസം ക്ഷേത്രത്തിൽ വ്രതം നിന്ന് ഏഴ് നേരം നട കണ്ട് ദേവീയെ വണങ്ങിയ ശേഷം കഴിഞ്ഞ ദിവസം രാവിലെ 7ഓടെ ചമയങ്ങൾ പൂർത്തിയാക്കി. തുടർന്ന് ഊരുചുറ്റ് ഘോഷയാത്ര ആരംഭിച്ചു. താലപ്പൊലി, വിവിധ മേള വാദ്യങ്ങൾ, തിടമ്പേറ്റിയ ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ വിവിധ കരകളിലേക്ക് പുറത്തെഴുന്നെള്ളിയ ദേവിയുടെ ഘോഷയാത്ര ഉച്ചയ്ക്ക് ക്ഷേത്രത്തിൽ തിരിച്ചെത്തി. തുടർന്ന് അലങ്കരിച്ച രണ്ട് വില്ലുകളിൽ തൂങ്ങി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് തൂക്ക വ്രതക്കാർ ദേവീക്ക് സ്വയം സമർപ്പിച്ചു. രാത്രി നടന്ന കലാപരിപാടികളും ചമയവിളക്കിനും ശേഷം തൃക്കൊടിയിറക്കി.