1

വിഴിഞ്ഞം: തിരുവനന്തപുരം ഗുണ്ടകളുടെയും അക്രമികളുടെയും തലസ്ഥാനമായി മാറുകയാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറ‌ഞ്ഞു. പിണറായി സർക്കാരിനു കീഴിൽ കാട്ടുനീതിയാണ് നടപ്പാക്കുന്നത്. പൊലീസിനെ കയറൂരിവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവല്ലത്ത് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ലം കസ്റ്റഡി മരണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുകയാണ് ഉത്തരവാദിത്വം, അവരെ തല്ലിക്കൊല്ലുന്നതിനുള്ള അധികാരം പൊലീസിന് ആരും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവല്ലം കസ്റ്റഡി മരണം സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ കിട്ടുമോ എന്നു സംശയമാണെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കുംവരെ ബി.ജെ.പി ഒപ്പമുണ്ടാകും. ആഭ്യന്തര മന്ത്രിക്ക് ഇതറിഞ്ഞ ഭാവമില്ല. ഭരണപക്ഷവുമായി നല്ല സഹകരണത്തിലുള്ള പ്രതിപക്ഷം, വിഷയം ചർച്ച ചെയ്യാൻ തയാറാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. വെങ്ങാനൂർ സതീഷ്, കോളിയൂർ രാജേഷ്, ആർ.പി. ബീന, ആർ.എസ്. രാജീവ് എന്നിവർ ഒപ്പമുണ്ടായിരുന്നു.