ചിറയിൻകീഴ്: അഴൂർ റെയിൽവേ ഗേറ്റിലെ നിർദ്ദിഷ്ട റെയിൽവേ മേൽപ്പാലം, പദ്ധതി പ്രദേശത്തുനിന്നും ജനവാസം കുറഞ്ഞ മേഖലയിലേയ്ക്ക് മാറ്റണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. അഴൂർ റെയിൽവേ ഗേറ്റ് ഒഴിവാക്കാനാണ് റെയിൽവേ ഗേറ്റിന് വടക്കുഭാഗത്ത് മേൽപ്പാല നിർമാണത്തിനായി റവന്യൂ അധികൃതർ സ്ഥലം കണ്ടെത്തിയത്. ഈ പ്രദേശം ജനവാസ മേഖലയായതിനാൽ കടകൾ അടക്കമുള്ള കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ ഉണ്ടാകുവാനിടയുണ്ട്. അഴൂർ റെയിൽവേ ഗേറ്റിന് തെക്കുവശത്തായാണ് മുമ്പ് സർവേ നടത്തിയിരുന്നത്. ഇവിടെ ജനവാസവും കഷ്ടനഷ്ടങ്ങൾ കുറഞ്ഞതുമായ മേഖലയാണ്. ഇവിടേയ്ക്ക് റെയിൽവേ മേൽപ്പാലം മാറ്റണമെന്നാണ് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ഗേറ്റിന് വടക്ക് ഭാഗത്ത് മേൽപ്പാലം നിർമിക്കുവാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാനും ഇത് സംബന്ധിച്ച നിവേദനം സ്ഥലം എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾക്ക് നൽകുവാനും കൂട്ടായ്മ തീരുമാനിച്ചു. അഴൂർ റെയിവേ ഗേറ്റിന് സമീപം ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ ചെയർമാൻ അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജി. സാബുലാൽ, വൈസ് ചെയർമാൻ ബിജു ശ്രീധർ, ഭാരവാഹികളായ എ. ബാബു, ചന്ദ്രിക, രാഗാ വിനോദ്, ശ്രീലതാ എം. നായർ, ഉദയകുമാരി, ഗായത്രി, ഷിജി, ബിന്ദു, അനിൽ.എ, ദിവ്യ എന്നിവർ പങ്കെടുത്തു.