തിരുവനന്തപുരം:റവന്യു വകുപ്പ് ജീവനക്കാർക്ക് അർഹമായ സ്ഥലംമാറ്റം അനുവദിക്കണമെന്ന് കെ.ആർ.ഡി.എസ്.എ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്നു വർഷമായി സമയബന്ധിത സ്ഥലംമാറ്റങ്ങൾ നടക്കുന്നില്ല. ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ ഓൺലൈൻ വഴി നടത്തണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചില ജീവനക്കാർ നൽകിയ കേസിന്റെ അന്തിമവിധി വരാത്തതിനാലാണ് ഇത്. പ്രൊമോഷൻ ലഭിച്ച് സ്വന്തം ജില്ലകളിൽ നിന്നും ഇതര ജില്ലകളിലേക്ക് നിയമിക്കപ്പെട്ട ജീവനക്കാർക്ക് സ്വന്തം ജില്ലകളിലേക്ക് മടങ്ങി വരാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഭൂരിഭാഗവും വനിതകളാണ്.

.തിരുവനന്തപുരത്ത് നടന്ന വനിതാകമ്മിറ്റിയിൽ സംസ്ഥാന പ്രസിഡന്റ് ബീനാമോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ശശികല റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, ജനറൽ സെക്രട്ടറി എം.എം.നജിം, സെക്രട്ടേറിയറ്റംഗം ആർ.സിന്ധു, സംസ്ഥാന വനിതാകമ്മിറ്റി അംഗങ്ങളായ മഞ്ജു എബ്രഹാം, ഡി.ഗിരീഷ്‌കുമാരി, ഉഷാദേവി, സോയാമോൾ, എം.എച്ച്. സമീറ, സിന്ധുപിള്ള, ഗംഗാദേവി എന്നിവർ സംസാരിച്ചു.