തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പാവപ്പെട്ട രോഗികൾക്ക് ലഭിക്കേണ്ട ചികിത്സാ സാമ്പത്തിക സഹായം അട്ടിമറിക്കപ്പെടുന്നെന്നും ശ്രീചിത്ര ആശുപത്രിയിൽ ആയുഷ്മാൻ പദ്ധതി വേഗം നടപ്പാക്കണമെന്നും ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി നോൺ അക്കാഡമിക് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് തമ്പാനൂർ രവി ആവശ്യപ്പെട്ടു. സർക്കാരുകളുടെ ഒളിച്ചുകളിയെ തുടർന്ന് കാരുണ്യ, താലോലം, ചീസ് പ്ലസ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾ ദുരിതത്തിലായി. ക്ലെയിം തുക ലഭിക്കുന്നതിലെ താമസം കാരണം സാധാരണക്കാരന് ലഭിച്ചുകൊണ്ടിരുന്ന ചികിത്സാപദ്ധതി നിറുത്തിവയ്ക്കുന്നതിലേക്ക് ശ്രീചിത്രയെ തള്ളിവിട്ടു. സംസ്ഥാന സർക്കാർ കേരള ആരോഗ്യ സുരക്ഷാപദ്ധതിയായ കാസ്പ് (കെ.എ.എസ്.പി) നടപ്പാക്കിയതാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശികത്തുക ഉടൻ അനുവദിക്കുകയും ആയുഷ്മാൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടി ഉറപ്പാക്കുകയും ചെയ്യണമെന്ന് തമ്പനൂർ രവി പറഞ്ഞു.