
നെയ്യാറ്റിൻകര: വീടിന് സമീപം കൂട്ടംകൂടി ബഹളം വച്ചത് പറഞ്ഞ് വിലക്കിയതിന് യുവാക്കൾ ദമ്പതികളെ ആക്രമിച്ചതായി പരാതി. ബാലരാമപുരം വഴിമുക്ക് പച്ചിക്കോട്ട് സ്വദേശി നിസാമിനെയും ഭാര്യ അൻസിലയെയുമാണ് സമീപവാസികളായ യുവാക്കൾ ആക്രമിച്ചതായി നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്.
നിസാമിന്റെ തലയിൽ ചെറിയ പരിക്കുണ്ട്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. 6 മാസം മുൻപാണ് നിസാം ഇവിടെ വീട് വച്ച് താമസം ആരംഭിച്ചത്. ഇവരുടെ വീടിനോട് ചേർന്ന് സമീപവാസികളായ യുവാക്കൾ രാത്രിയിൽ തമ്പടിച്ച് സംസാരവും ബഹളവും പതിവായിരുന്നുവത്രേ. ഇതുസംബന്ധിച്ച് നിസാം കൗൺസിലറടക്കം ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞെങ്കിലും യുവാക്കൾ ഇത് ചെവിക്കൊണ്ടില്ല. തുടർന്ന് ഇന്നലെയും യുവാക്കൾ ഉച്ചത്തിൽ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാക്കൾ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആദ്യം അൻസിലയെയും പിന്നീട് തന്നേയും അടിച്ചതെന്ന് നിസാം പൊലീസിന് മൊഴി നല്കിയത്.
സമീപവാസികളായ പ്രതീഷ്, ദിലീപ്, ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് കുടുംബാംഗങ്ങളെ ആക്രമിച്ചതെന്നാണ് പരാതി. ദമ്പതികൾ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു.