
പാറശാല: ഓരോ വീടിനും ആവശ്യമായ പച്ചക്കറികൾ സ്വന്തം വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കാൻ കഴിയണമെന്നും കൊവിഡുകാലത്ത് പുഷ്പങ്ങൾക്കായി ജനങ്ങൾ അന്യ സംസ്ഥാനങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടിയത് പാഠമാക്കേണ്ടതും അത് ഇനിയും ആവർത്തിക്കാൻ പാടില്ലെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'പൂവിളി 2022 ' എന്ന പുഷ്പ കൃഷി പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻ ഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുധാർജ്ജുനൻ, ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വിനുതകുമാരി, ആര്യദേവൻ, ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതീഷ്, കുമാർ, സോണിയ, രേണുക, ഷിനി, ശാലിനി, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.