
തിരുവനന്തപുരം: ഐ.ഐ.ടി അടക്കമുള്ള ഉന്നത എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനുള്ള ജോയിന്റ് എൻട്രൻസ് പ്രിലിമിനറി പരീക്ഷ (ജെ.ഇ.ഇ) ഏപ്രിൽ 16 മുതൽ 21 വരെ നടത്താനുള്ള തീരുമാനം സംസ്ഥാനത്തെ പ്ളസ് ടു വിദ്യാർത്ഥികളെ ആശങ്കയിലാക്കി.
ഏപ്രിൽ 18നും 20നും പ്ളസ് ടു പരീക്ഷയുണ്ട്. 18ന് ഇംഗ്ളീഷും 20ന് ഫിസിക്സും. ഇതിനിടെ എങ്ങനെ എൻട്രൻസ് എഴുതുമെന്നാണ് ആശങ്ക
. ജോയിന്റ് എൻട്രൻസ് പരീക്ഷാ തീയതി പുറത്തുവന്നതോടെ, ഏപ്രിലിലെ പരീക്ഷകളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് സി.ബി.എസ്. ഇ സ്കൂളുകൾ. കുട്ടികൾക്ക് ബുദ്ധിമുട്ടാകാത്ത വിധത്തിലാകും പരീക്ഷാ ടൈംടേബിൾ . തീയതി തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിലും രണ്ട് പരീക്ഷാ തീയതികളിൽ ഒരെണ്ണമെങ്കിലും പ്രശ്നമാകുമെന്ന് പ്ലസ് ടു വിദ്യാർത്ഥികൾ പറയുന്നു.
ജെ.ഇ.ഇ മെയിൻ പരീക്ഷ മേയ് 24 മുതൽ 29 വരെയാണ് . പ്രിലിമിനറിയിൽ മികച്ച റാങ്ക് നേടുന്നവർക്കേ മെയിൻ പരീക്ഷ എഴുതാനാവൂ. പ്രിലിമിനറി പാസാകുന്നവർക്ക് എൻ.ഐ.ഐ.ടി പോലുള്ള എൻജിനിയറിംഗ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും മെയിൻ വിജയിക്കുന്നവർക്ക് ഐ.ഐ.ടിയിലും പ്രവേശനം നേടാനാവും.. കൊവിഡ് കാരണം കഴിഞ്ഞ വർഷം നാലു ഘട്ടങ്ങളായാണ് എൻട്രൻസ് പരീക്ഷ നടത്തിയത്. വീടിനടുത്ത് പരീക്ഷാ സെന്റർ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടായിരുന്നു.