arif-muhammed-khan

നേരിട്ടെത്തി വിശദീകരണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു

തിരുവനന്തപുരം: രാജ്ഭവനിൽ ഇന്നലെ രാവിലെ 11.30ന് നേരിട്ട് ഹാജരാകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം അനുസരിക്കാതെ കലാമണ്ഡലം കല്പിത സർവകലാശാലാ വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ.

കലാമണ്ഡലം പി.ആർ.ഒയെ പിരിച്ചുവിട്ട നടപടിയിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് ഗവർണർ ആവശ്യപ്പെട്ടത്. ഇത് സിൻഡിക്കേറ്റ് കൂട്ടായെടുത്ത തീരുമാനമാണെന്നും ,തന്റെ മാത്രം തീരുമാനമല്ലാത്തതിനാൽ പ്രത്യേകിച്ച് വിശദീകരിക്കാനൊന്നുമില്ലെന്നുമാണ് വി.സി മൂന്ന് ദിവസം മുമ്പ് രാജ്ഭവനെ രേഖാമൂലം അറിയിച്ചത്. ചാൻസലറെന്ന നിലയ്ക്കുള്ള ഗവർണറുടെ അധികാരം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി പോയിരിക്കെ തനിക്ക് അഭിപ്രായം പറയാനാകില്ലെന്നും വി.സി കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ചാൻസലർ നിർദ്ദേശിച്ച സമയത്ത് എത്തിയേ തീരൂവെന്നാണ് ഇതിനുള്ള മറുപടിയിൽ കഴിഞ്ഞ ദിവസം രാജ്ഭവൻ വ്യക്തമാക്കിയത്. വി.സി എത്തുമെന്ന പ്രതീക്ഷയിൽ ഇന്നലെ രാവിലെ കാത്തിരുന്ന ഗവർണർ വൈകിട്ട് ചെന്നൈയിലേക്ക് പോയി. ഇന്നലെ ഹാജരാകാൻ തനിക്ക് വ്യക്തിപരമായ അസൗകര്യമുണ്ടെന്നും ഇത്തവണ ഒഴിവാക്കണമെന്നും വി.സി അറിയിച്ചിരുന്നു. എന്നാൽ ,തന്നെ അപമാനിക്കാനുള്ള നീക്കമാണിതെന്നാണ് ഗവർണർ കരുതുന്നത്. തുടർ നടപടി സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി

പി.ആർ.ഒയെ പിരിച്ചുവിട്ടതിൽ കലാമണ്ഡലം അധികൃതർ നടപടിക്രമം പാലിച്ചില്ലെന്നാണ് ഗവർണറുടെ നിലപാട്. എന്നാൽ പി.ആർ.ഒയെ തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടത് വി.സിയെയും ചൊടിപ്പിച്ചു. തിരിച്ചെടുത്തില്ലെന്ന് മാത്രമല്ല, ആ തസ്തിക തന്നെ നിറുത്തലാക്കി. ഗവർണർക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകി നേരത്തേ കലാമണ്ഡലം വി.സി വിവാദം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടർന്ന് സർക്കാർ ഇടപെട്ട് കേസ് പിൻവലിപ്പിക്കുകയായിരുന്നു. വി.സിയെ സസ്പെൻഡ് ചെയ്യണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.