തിരുവനന്തപുരം:വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാപഞ്ചായത്ത് പട്ടികവർഗ മേഖലകളിലെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ,പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥർ,എസ്.ടി പ്രൊമോട്ടർമാർ,ഉരുകൂട്ടം, വോളന്റിയർമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ എന്നിവരുടെ സംയുക്തവേദി ഒരുങ്ങുന്നു. ഇന്ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിക്കുന്ന പട്ടിക വർഗ വിഭാഗക്കാർ നേരിടുന്ന സാമൂഹ്യ ചൂഷണങ്ങൾക്കെതിരെയുള്ള കരുതലും പ്രതിരോധവും എന്ന ഒത്തുചേരൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസി‌ഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിക്കും.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത.എസ്,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,മെമ്പർമാരായ അൻസജിത റസൽ,ആർ.സുഭാഷ്,ഭഗത് റൂഫസ് സെക്രട്ടറി റോയി മാത്യു എന്നിവർ സംസാരിക്കും.